അജ്ഞാത വാഹനം കവര്‍ന്നത് അവരുടെ മണിക്കുട്ടനെ; ആദരാഞ്ജലി അര്‍പ്പിച്ച് ഓട്ടോ സുഹൃത്തുക്കള്‍

By Web Team  |  First Published May 29, 2024, 10:56 AM IST

പൂച്ചയുമായി ചങ്ങാത്തത്തിലായിരുന്ന ഏതാനും കുട്ടികള്‍ മണിക്കുട്ടന്‍ എവിടെ എന്നന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്


കോഴിക്കോട്: അജ്ഞാത വാഹനം ഇടിച്ച് ചത്ത ഓമനപൂച്ചയ്ക്ക് ആദരാഞ്ജലി പോസ്റ്ററുമായി കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ. കുഞ്ഞായിരിക്കുമ്പോള്‍ നടുവണ്ണൂര്‍ സ്റ്റാന്‍ഡിലെത്തിയ ആ പൂച്ചക്കുട്ടിയെ ഓട്ടോഡ്രൈവര്‍മാര്‍ അവരില്‍ ഒരാളായി ഏറ്റെടുക്കുകയായിരുന്നു. മണിക്കുട്ടന്‍ എന്ന പേര് നല്‍കി തങ്ങളുടെ പ്രിയപ്പെട്ട അരുമയായി വളര്‍ത്തിയ ആ പൂച്ചയുടെ ജീവനാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ അജ്ഞാത വാഹനം കവര്‍ന്നത്. 

മണിക്കുട്ടന് കൃത്യമായി ഭക്ഷണവും വെള്ളവും നല്‍കിയിരുന്ന സൗപര്‍ണിക ഓട്ടോയിലെ രാഹുലും തണല്‍ ഓട്ടോയിലെ ഷൗക്കത്തലിയും നിവേദ്യം ഓട്ടോയിലെ ജിതേഷും ചേര്‍ന്ന് പൂച്ചയുടെ ശരീരം സംസ്‌കരിക്കുകയായിരുന്നു. പൂച്ചയുമായി ചങ്ങാത്തത്തിലായിരുന്ന ഏതാനും കുട്ടികള്‍ മണിക്കുട്ടന്‍ എവിടെ എന്നന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കുഞ്ഞായിരിക്കുമ്പോഴാണ് ഈ പൂച്ച അവിചാരിതമായി നടുവണ്ണൂര്‍ സ്റ്റാന്‍ഡില്‍ എത്തിയതെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.

Latest Videos

undefined

പിന്നീട് ഇവര്‍ ഭക്ഷണം നല്‍കി പരിചരിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് വയസ്സിനോടടുത്ത് പ്രായമുണ്ടാകുമെന്നും ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ എത്തിയ ഒരു ഓട്ടോ ഡ്രൈവറാണ് മണിക്കുട്ടനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏതോ വാഹനം ഇടിച്ചായിരുന്നു അപകടം. ഏറെ പ്രിയപ്പെട്ട തങ്ങളുടെ അരുമയെ നഷ്ടപ്പെട്ട വിഷമത്തിലാണ് നടുവണ്ണൂര്‍ സ്റ്റാന്‍ഡിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!