പത്തനംതിട്ട അപകടത്തിൽ ഇൻക്വസ്റ്റ് പൂര്‍ത്തിയായി; സംസ്‌കാരം ബന്ധുക്കൾ വിദേശത്ത് നിന്ന് എത്തിയ ശേഷം

By Web Team  |  First Published Dec 15, 2024, 11:30 AM IST

കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്


പത്തനംതിട്ട: അപകടത്തിൽ മരിച്ച നാല് പേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ച് വിദേശത്തുള്ള നിഖിലിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കൾ എത്തിയ ശേഷം സംസ്കാരം നടത്തുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരായിരുന്നു ദാരുണമായ അപകടത്തിൽ മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഹണിമൂണിനായി മലേഷ്യയിലേക്ക് പോയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍.

Latest Videos

നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനായ ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവസ്ഥലത്ത്  തന്നെ മരിച്ചിരുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. 

ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

undefined

കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ; അപകടം പതിവെന്ന് നാട്ടുകാർ

click me!