ബസില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ച സംഭവം; 'വിന്‍വേ സിറ്റി റൈഡേഴ്സ്' ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By Web Team  |  First Published Oct 17, 2024, 9:02 AM IST

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ 59കാരൻ ബസിൽ നിന്ന് തെറിച്ച് വീണ് മരിച്ചതിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി


കോഴിക്കോട്: ഓട്ടോമാറ്റിക് ഡോര്‍ അടയ്ക്കാത്തതിനാല്‍ ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പെരുമണ്ണ-മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന വിന്‍വേ സിറ്റി റൈഡേഴ്സ് എന്ന ബസ്സിലെ ഡ്രൈവര്‍ പി അബ്ദുല്‍ ജലീലിനെതിരെയാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് നടപടിയെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചാലപ്പുറത്തുവെച്ചാണ് അപകടമുണ്ടായത്. മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടയില്‍ പുറകിലെ ഓട്ടോമാറ്റിക് ഡോറിലൂടെ ഗോവിന്ദന്‍ പുറത്തേക്ക് വീണു. വീഴ്ചയില്‍ ഫൂട്ട്പാത്തില്‍ തലയടിക്കുകയും രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നു. അശ്രദ്ധമായി ഓട്ടോമാറ്റിക് ഡോര്‍ തുറന്ന നിലയില്‍ ബസ് ഓടിച്ചതിനാലാണ് അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയതിനാലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!