12,33,765 രൂപയുടെ നഷ്ടം, 99.9 മെട്രിക് ടൺ അരി മറിച്ചുവിറ്റ് പഞ്ചായത്ത് സെക്രട്ടറിയും ക്ലർക്കും; ശിക്ഷ വിധിച്ചു

By Web TeamFirst Published Oct 26, 2024, 4:18 PM IST
Highlights

ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോൾ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനും ക്ലാർക്കായിരുന്ന പി കെ റഷീദും ചേർന്ന് മറിച്ച് വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടം

കോട്ടയം: സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം ജില്ലയിലെ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2003-2006 കാലഘട്ടത്തിൽ മുണ്ടക്കയം ടൗൺ ബൈപ്പാസ് റോഡിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രോജക്ടിന്റെ  നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസി വഴി 99.9 മെട്രിക് ടൺ അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോൾ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനും ക്ലാർക്കായിരുന്ന പി കെ റഷീദും ചേർന്ന് മറിച്ച് വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Latest Videos

കോട്ടയം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി പ്രതികളായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയില്‍ പറയുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ... ഇത് കഷ്ടം തന്നെ! ഐഫോണിനെതിരെ പരാതിപ്രളയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!