3ാംദിനത്തില്‍ ബേലൂര്‍ മഖ്‌ന നീങ്ങിയത് ഇരുമ്പുപാലത്തേക്ക്, കൂടുതല്‍ സന്നാഹങ്ങളൊരുക്കി വനംവകുപ്പ്

By Web TeamFirst Published Feb 13, 2024, 8:12 AM IST
Highlights

12 മണിക്ക് ശേഷം നഷ്ടപ്പെട്ട റേഡിയോ കോളറുമായുള്ള ബന്ധനം സ്ഥായിയായി ലഭിച്ചു തുടങ്ങിയത് മണിക്കൂറുകള്‍ വൈകി നാല് മണിയോടെയാണ്. കുറ്റിക്കാടുകളുടെ മറവില്‍ ആന പതുങ്ങി നില്‍ക്കുന്നതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമെ ദൗത്യസംഘത്തിന് നീങ്ങാന്‍ കഴിയൂ

മാനന്തവാടി: ബേലൂര്‍ മഖ്‌നയെന്ന ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെച്ച് വരുതിയിലാക്കാനുള്ള ദൗത്യം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ വനത്തില്‍ മറ്റൊരു പ്രദേശത്തേക്ക് മാറി കാട്ടാന. പുലര്‍ച്ചെ അഞ്ചര മണിയോടെ  ആനയുടെ സഞ്ചാരപാത കൃത്യമായി മനസിലാക്കിയാണ് ട്രാക്കിങ് ടീം നീങ്ങുന്നത്. കാട്ടിക്കുളം തിരുനെല്ലി റോഡിലെ ഇരുമ്പുപാലത്തെ ആലത്തൂര്‍ എസ്റ്റേറ്റില്‍ ആണ് ആനയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. മണ്ണുണ്ടി കോളനിയുടെ പിറകുവശത്തുള്ള പ്രദേശമാണിത് ആര്‍.ആര്‍.ടി സംഘം തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശത്തുണ്ട്. വനംദ്രുത കര്‍മസേനയും വെറ്റിനറി സംഘവും ഉള്‍പ്പെടെയുള്ള ഇരുനൂറിലധികം വരുന്ന ദൗത്യസംഘമാണ് പൂര്‍ണസജ്ജമായി ആനക്ക് പിന്നാലെ തന്നെയുള്ളത്. 

എന്നാല്‍ മയക്കുവെടിവെക്കാന്‍ പാകത്തില്‍ ആനയെ കണ്ടെത്തിയാലും ദൗത്യത്തിന് തയ്യാറെടുക്കുമ്പോഴേക്കും മോഴയാന ഇവിടെ നിന്ന് മാറിക്കളയുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. ഇന്നലെ മണ്ണുണ്ടി ഭാഗത്ത് വനത്തിലെ ഒരാള്‍ പൊക്കത്തിലുള്ള കുറ്റിക്കാടുകള്‍ വലിയ പ്രതിസന്ധിയാണ് ദൗത്യത്തിന് സൃഷ്ടിച്ചത്. ഇരുമ്പുപാലം ഭാഗത്ത് വനത്തിനുള്ളിലെ അവസ്ഥയെന്താണെന്ന കാര്യം വ്യക്തമായി അറിവായിട്ടില്ല. ആര്‍.ആര്‍.ടി സംഘവും ട്രാക്കിങ് ടീമുമാണ് ആനയെ തേടി ഏറ്റവും മുമ്പിലുണ്ടാകുക. അതേസമയം കുറ്റിക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആനയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. 

Latest Videos

ഇന്നലെ 12 മണിക്ക് ശേഷം നഷ്ടപ്പെട്ട റേഡിയോ കോളറുമായുള്ള ബന്ധം സ്ഥായിയായി ലഭിച്ചു തുടങ്ങിയത് മണിക്കൂറുകള്‍ വൈകി നാല് മണിയോടെയാണ്. കുറ്റിക്കാടുകളുടെ മറവില്‍ ആന പതുങ്ങി നില്‍ക്കുന്നതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമെ ദൗത്യസംഘത്തിന് നീങ്ങാന്‍ കഴിയൂ. ഏതായാലും ഇന്നലെ ആനയുണ്ടായിരുന്ന മണ്ണുണ്ടി മേഖലയില്‍ നിന്ന് സാമാന്യം അകലത്തില്‍ തന്നെയാണ് ഇരുമ്പുപാലം. കുങ്കിയാനകളും അനിമല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുമൊക്ക ആനയുടെ നീക്കത്തിനനുസരിച്ച് ആ പ്രദേശത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ് അധികൃതര്‍.

ഇന്നലെ രാത്രി ഡ്രോണുകള്‍ ഉപയോഗിച്ച് മൂന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 65 അംഗങ്ങള്‍ 13 ടീമുകളായി തിരിഞ്ഞ് പുലരുന്നത് വരെ ആനയുടെ നീക്കം നിരീക്ഷിച്ചു വരികയായിരുന്നു. ജനവാസ മേഖലകളിലേക്ക് ആനയെത്താതിരിക്കാനും ഈ സംഘങ്ങള്‍ ജാഗ്രത കാണിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!