യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല, അവഗണനയെന്ന് സിഎംപി സംഘടനാ റിപ്പോർട്ട്

By Web TeamFirst Published Jan 30, 2024, 3:14 PM IST
Highlights

സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിലടക്കം പാർട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണെന്നും സിഎംപി

കൊച്ചി: യുഡിഎഫിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാർട്ടി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുകളിൽ മതിയായ പ്രാതിനിധ്യം യുഡിഎഫ് നേതൃത്വം ന‌ൽകാറില്ല. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലടക്കം പാർട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണെന്നാണ് സിഎംപിയുടെ പരാതി. കൊച്ചിയിൽ നടക്കുന്ന പതിനൊന്നാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് യുഡിഎഫിനെതിരായ വിമർശനം.

യുഡിഎഫ് ചെയർമാൻ കൂടിയായ വി ഡി സതീശന്‍റെ വാക്കുകളിലെ സ്നേഹം മുന്നണിക്കുള്ളിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് സിഎംപിയുട പരിഭവം. പാർട്ടിക്ക് വേണ്ടത്ര പരിഗണന മുന്നണിയിൽ ലഭിക്കാറില്ല. തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകാൻ സംസ്ഥാന - ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമായി കണ്ട് സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമങ്ങളിലടക്കം സിഎംപി മത്സരിക്കുമ്പോഴും യുഡിഎഫ് അവഗണിക്കുകയാണെന്നും കൊച്ചിയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. ലഭിച്ചത് നെന്മാറ മാത്രം. അവിടെ പരാജയമായിരുന്നു ഫലം. സിപി ജോണിന് ഉചിതമായ സീറ്റ് ആവശ്യപ്പെട്ടിട്ടും നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെതിരായ വിമർശനം റിപ്പോർട്ടിൽ ഇടം പിടിച്ചത്. അതേസമയം ബൂത്ത് തലം മുതൽ ശക്തിപ്പെട്ടാൽ മാത്രമേ മതിയായ പരിഗണന കിട്ടുകയുള്ളുവെന്നും ആ രീതിയിൽ നടത്തിയ പ്രവർത്തനങ്ങള്‍ ഫലം കണ്ടില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. പാർട്ടിയെ നയിക്കാനുള്ള പുതിയ സെൻട്രൽ കൗണ്‍സിലിന്‍റെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. 

tags
click me!