നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്
തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശൻ്റെ തലയ്ക്ക് കമ്പി കൊണ്ട് അടിച്ച അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിൻ്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണം എന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു. കോടതി ക്യാൻ്റീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഭിഭാഷകനെ കമ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ മാസം അവസാനവും കോടതിവളപ്പിൽ കയ്യാങ്കളി നടന്നിരുന്നു. ചേര്‍ത്തലയിലെ കോടതിവളപ്പിൽ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങൾ തമ്മിലാണ് അന്ന് കയ്യങ്കളി നടന്നത്. കോടതിവളപ്പിലെ തല്ലിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിനൊടുവിൽ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മിൽ തർക്കമുണ്ടായത്. രണ്ട് കുട്ടികളെയും ഭർത്താവിന് കൈമാറാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഭാര്യ ഇതിന് തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ഇതാണ് കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. ഭാര്യയും ഭര്‍തൃ സഹോദരിയും തമ്മിൽ തുടങ്ങിയ കയ്യാങ്കളിയിൽ ഭർത്താവും ഭർതൃമാതാവും കൂടി ചേർന്നതോടെ കൂട്ടയടിയായി. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങൾ കൂടി ചേർന്നതോടെ അരമണിക്കൂറോളം കോടതി വളപ്പിൽ പൊലീസിന് മുന്നിൽ സംഘർഷമുണ്ടായിരുന്നു.
കോടതി വളപ്പിൽ വിവാഹ മോചന കേസിനെത്തിയ കുടുംബങ്ങൾ തമ്മിലെ കയ്യാങ്കളി; യുവതിക്കെതിരെയും കേസ്