ചന്ദനമോഷണം ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങളെ വധിക്കാൻ ശ്രമം; മൂന്നു പ്രതികൾക്ക് തടവും പിഴയും

By Web Team  |  First Published Aug 15, 2024, 7:46 AM IST

സംഭവം ദിവസം കാന്തല്ലൂർ പഞ്ചായത്തിന് സോളാർ വിളക്ക് വിതരണം ഉണ്ടായിരുന്നു. ഇത് വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ രാത്രി എട്ടോടെയായിരുന്നു ആക്രമണം.


ഇടുക്കി: ചന്ദനമോഷണം ഒറ്റിക്കൊടുത്തു എന്നാരോപിച്ച് സഹോദരങ്ങളെ കമ്പി വടി കൊണ്ടടിച്ചും കത്തി കൊണ്ട്  കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർക്ക് മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. കീഴാന്തൂർ സ്വദേശികളായ മാരിയമ്മ, സഹോദരൻ രാജു ശേഖർ എന്നിവരെ അടിച്ചും വെട്ടിയും കൊല്ലാൻ ശ്രമിച്ച കേസിലാണ് വിധി. കേസിൽ സമീപവാസികളായ കീഴാന്തൂർ പാൽപ്പെട്ടി സ്വദേശി കുപ്പൻ, മകൻ ബിനു. പാൽപെട്ടി സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. അഡിഷണൽ ജില്ലാ ജഡ്ജി എസ് എസ് സീനയാണ് വിധി പ്രസ്താവിച്ചത്.

2017 മെയ്‌ മാസം 15 തിയതിയാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ ചന്ദന മോഷണം നടത്തുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകുന്നത് മാരിയമ്മയും രാജുവും ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവം ദിവസം കാന്തല്ലൂർ പഞ്ചായത്തിന് സോളാർ വിളക്ക് വിതരണം ഉണ്ടായിരുന്നു. രാജുവും മാരിയമ്മയും ഇത് വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ രാത്രി എട്ടോടെ ഇവിടെ കാത്തുനിന്നിരുന്ന പ്രതികളായ കുപ്പനും ബിനുവും ഉണ്ണികൃഷ്ണനും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചിരുന്നു. കത്തി ഉപയോഗിച്ച് തോളിന് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. സോളാർ ലൈറ്റിന്‍റെ വെളിച്ചം ഉണ്ടായിരുന്നതിനാൽ പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. 

Latest Videos

പ്രോസിക്യൂഷൻ കേസിൽ തെളിവിലേക്കായി 9 സാക്ഷികളെ വിസ്‌തരിച്ചു 14 രേഖകൾ ഹാജരാക്കി. മറയൂർ എസ് എച്ച് ഒ ആയിരുന്ന അജയകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ്‌ മഞ്ഞക്കുന്നേൽ ഹാജരായി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!