സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി
ആലപ്പുഴ: പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പാണാവള്ളി വെളിപ്പറമ്പിൽ പുരുഷന്റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വർണം കവർന്നത്. പശുവിനെ വളർത്തുന്ന ഇവരുടെ വീട്ടിൽ നിന്നും കുറച്ചു നാളുകളായി ചാണകം ശേഖരിച്ചിരുന്നത് മനോജ് ആയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളിൽ കടന്ന് ഓമനയുടെ മുഖത്ത് അമർത്തി ബോധം കെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
undefined
ഒന്നര പവൻ തൂക്കം വരുന്ന രണ്ട് വളകളും രണ്ട് പവന്‍റെ മാലയും കവർന്നു. പിടിവലിക്കിടെ ഓമന പരുക്കേറ്റ് അബോധാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞ് ഓമന നിരങ്ങി വീട്ടിനു പുറത്തെത്തി അയല്‍വാസികളോട് സംഭവം പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി വ്യാപകമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയത്തെ തുടർന്ന് പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ആശുപതിയിലേക്ക് കൊണ്ടുപോയി. ഓമന പ്രതിയെ തിരിച്ചറിഞ്ഞു.
മനോജിന്‍റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. സി ഐ എം അജയമോഹന്‍റെ നേത്വത്തിൽ എസ് ഐമാരായ ടി ടി സെൽവരാജ്, ഹരികുമാർ എം ബി, ഗോപാലകൃഷ്ണൻ സി പി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനു മോഹൻ, കിംഗ് റിച്ചാർഡ്, ടെൽസൻ തോമസ്, സൈബിൻ ചക്രവർത്തി, അരുൺ കുമാർ എം, രതീഷ് പി ആർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം