നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബസിലുണ്ടായിരുന്ന യാത്രക്കാരും ചേർന്നാണ് ഡ്രൈവറെ രക്ഷിച്ചത്. ദേശീയ പാതയിൽ ഏറെനേരം ഗതാഗതക്കുരുക്കും ഈ സംഭവങ്ങൾ കാരണമുണ്ടായി.
അരൂർ: ബസ് ഡ്രൈവറെ അക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. എഴുപുന്ന തെക്ക് കറുകപ്പറമ്പിൽ സോമേഷിനെയാണ് (40) പൊലീസ് പിടികൂടിയത്. ദേശീയ പാതയിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസ് ചെളി തെറിപ്പിച്ചതിൽ ക്ഷുഭിതനായ സോമേഷ് ബസിന് പിന്നാലെയെത്തുകയും ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ക്കുകയുമായിരുന്നു. കാര്യം ചോദിക്കാൻ ബസിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറുടെ തലയിലേക്ക്, കൈയിലുണ്ടായിരുന്ന കാനിലെ പെട്രോൾ ഒഴിച്ച് വധഭീഷണി മുഴക്കി.
ബസ് ഡ്രൈവറുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാടകീയ സംഭവങ്ങൾ കാരണം അരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസവും സംഘർഷവും നീണ്ടുനിന്നു. തുടർന്ന് അരൂർ പോലീസ് സംഭവസ്ഥലത്തെത്തി ബൈക്ക് യാത്രികനായ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എഴുപുന്ന തെക്ക് കറുകപ്പറമ്പിൽ സോമേഷിനെ (40) കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഒമ്പതോടെ എരമല്ലൂർ ജങ്ഷന് സമീപമാണ് സംഭവം നടന്നത്. ബസ് ഡ്രൈവർ ചേർത്തല വയലാർ കൈതത്തറ വീട്ടിൽ മാത്യുവിനെ പിന്നീട് അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം