എല്ലാ സജ്ജീകരണങ്ങളും ഹാളിൽ, വിൽപ്പനയും വീട്ടിൽ; വിവരമറിഞ്ഞ് പൊലീസെത്തി, പിടിയിലായത് 15 ലിറ്റ‍ർ ചാരായവുമായി

By Web Team  |  First Published Nov 9, 2024, 5:23 PM IST

വിൽപ്പനയ്ക്ക് തയ്യാറാക്കിയ 15 ലിറ്റർ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളും അടക്കം 65കാരനെ കാട്ടാക്കടയിൽ പൊലീസ് പിടികൂടി


തിരുവനന്തപുരം:  കാട്ടാക്കടയിൽ വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തി വന്ന വീട്ടുടമയെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട കാട്ടക്കോട് കരിയംകോട്  ബഥനിപുരം ചെവിയംകോട് വിനിത ഭവനിൽ വിജയനെയാണ് പൊലീസ് പ്രത്യേക പരിശോധനയിൽ വലയിലാക്കിയത്. വീടിൻ്റെ ഹാളിൽ ആയിരുന്നു ചാരായ നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്.

ഇവിടെ  മുപ്പതും  അൻപതും ലിറ്റർ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും വിൽപനക്ക് തയ്യാറായ 15 ലിറ്റർ ചാരായവും കൂടാതെ വാറ്റുപകരണങ്ങളും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധന നടത്തിയത്. കാട്ടാക്കട എസ് എച്ച് ഒ മൃദുൽ കുമാർ, എസ് ഐ മനോജ്‌, ഗ്രേഡ് എസ്ഐ ഷഫീർ ലാബ്ബ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമന്റ് ചെയ്തു.

Latest Videos

click me!