ബെംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് ബസിൽ യാത്ര, കൈയ്യിൽ 2 ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് 1 കോടി രൂപ, പിടിയിൽ

By Web TeamFirst Published Sep 12, 2024, 10:01 AM IST
Highlights

ഷാഹുൽ ഹമീദിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചു

കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം ഉണ്ടായിരുന്നത്. ബസ് തടഞ്ഞ് നിർത്തിയ ഉദ്യോഗസ്ഥർ ബസിൽ കയറി യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. ഈ സമയത്ത് ഷാഹുൽ ഹമീദിൻ്റെ 2 ബാഗുകളും പരിശോധിച്ചു. അപ്പോഴാണ് രണ്ട് ബാഗുകളിലുമായി പണം കണ്ടെത്തിയത്. പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

click me!