ഉരച്ച് നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെ, ഉരുക്കിയപ്പോൾ മാറി; യുവാവ് പിടിയിൽ

By Web TeamFirst Published Oct 18, 2024, 6:20 PM IST
Highlights

ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതായാണ് ജ്വല്ലറി ജീവനക്കാര്‍ പറയുന്നത്. 916 മാര്‍ക്ക് ഉള്ളതിനാല്‍ സംശയകരമതായി ഒന്നും തോന്നിയില്ല.

കോഴിക്കോട്: ജ്വല്ലറി ജീവനക്കാരെ വിദഗ്ധമായി കബളിപ്പിച്ച് വ്യാജ സ്വര്‍ണം വിറ്റ് ഒരു ലക്ഷത്തില്‍ അധികം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി ചെറുവക്കാട്ട് കൈലാസ്(25) ആണ് പിടിയിലായത്. സംഭവത്തില്‍ മുഖ്യ സൂത്രധാരനാണെന്ന് കരുതുന്ന പാലേരി വലിയ വീട്ടുമ്മല്‍ ആകാശിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്രയിലെ ജ്വല്ലറിയില്‍ രണ്ട് പവന്‍ തൂക്കം വരുന്ന വ്യാജ സ്വര്‍ണവള നല്‍കിയാണ് ആകാശും കൈലാസും പണം തട്ടിയത്. ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതായാണ് ജ്വല്ലറി ജീവനക്കാര്‍ പറയുന്നത്. 916 മാര്‍ക്ക് ഉള്ളതിനാല്‍ സംശയകരമതായി ഒന്നും തോന്നിയില്ലെന്നും അതിനാല്‍ പണം നല്‍കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഉടന്‍ തന്നെ കടയുടമ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest Videos

പേരാമ്പ്ര ഡിവൈ എസ്പി വി വി ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി ജംഷിദ്, എസ്‌ഐ കെ സജി അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികള്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ബാലുശ്ശേരിയില്‍ വെച്ച് കൈലാസിനെ വിദഗ്ധമായി പിടികൂടി. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

click me!