Latest Videos

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മലയാളി യുവാക്കൾക്കെതിരെ അച്ഛൻ

By Web TeamFirst Published Jun 28, 2024, 12:39 AM IST
Highlights
അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും വേണ്ടത്ര ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

തൃശൂര്‍: പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും വേണ്ടത്ര ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

പോളണ്ടില്‍ ഭക്ഷണ വിതരണരംഗത്ത് ജോലി ചെയ്തിരുന്ന പെരിങ്ങോട്ടുകര സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ ആഷിക് രഘു മരിച്ച വിവരം ഏപ്രില്‍ ഒന്നിനാണ് വീട്ടിലറിയുന്നത്. രാത്രി കിടന്നുറങ്ങിയ ആഷിഖ് രാവിലെ ശ്വാസം തടസ്സമുണ്ടായി മരിച്ചെന്നായിരുന്നു സുഹൃത്തുക്കളുടെ ആദ്യ ഭാഷ്യം. മരണ കാരണം കണ്ടെത്താതെ മൃതദേഹം ഏപ്രില്‍ പന്ത്രണ്ടിന് ഇന്ത്യയിലെത്തിച്ചു. 

സംശയം തോന്നിയ കുടുംബം ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. ഒരുമാസത്തിന് ശേഷം ലഭിച്ച റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണമായെന്ന് വ്യക്തമായി. വീണ്ടും സുൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഉക്രൈന്‍ കാരുമായി മരിക്കുന്നതിന്‍റെ തലേന്ന് സംഘര്‍ഷമുണ്ടായെന്ന്. എന്നിട്ടും അവരത് പൊലീസിനോട് പറയാതെ ഒളിച്ചുവച്ചെന്ന് ആഷിഖിന്‍റെ പിതാവ് ആരോപിക്കുന്നു. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെ വച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഒരുമാസം ഒരുമറുപടി പോലും നല്‍കിയില്ല. തുടര്‍ന്ന് സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം മറുപടിയായി നല്‍കി. മകന് എന്ത് സംഭവിച്ചു എന്നറിയും വരെ പോരാട്ടം തുടരാനാണ് പിതാവിന്‍റെയും സമൂഹമാധ്യമ കൂട്ടായ്മയുടെയും തീരുമാനം.

കോഴിക്കോട് താമരശേരിയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!