'ഓട്ടോ എന്നാല്‍ സുമ്മാവാ...?': 'കൊടുമുടി'യില്‍ നിന്നും ഓടിയെത്തിയത് കാശ്മീരിൽ

By Web TeamFirst Published Dec 6, 2023, 12:48 PM IST
Highlights

ഒമ്പത് ദിവസം കൊണ്ട് കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഓട്ടോറിക്ഷ കശ്മീര്‍ തൊട്ടത്.

മലപ്പുറം: മലപ്പുറം ജില്ലയും പാലക്കാട് ജില്ലയും അതിര്‍ത്തി പങ്കിടുന്ന കൊച്ചുഗ്രാമമുണ്ട്. കൊടുമുടി എന്ന് പേരുള്ള ഗ്രാമത്തിലെ മൂന്ന് ചെറുപ്പക്കാരുടെ സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ച കഥയാണിത്. ഓട്ടോയില്‍ കാശ്മീരിലെത്തിയ മനോഹര കഥ. മൂന്ന് ചക്രമുള്ള ഓട്ടോയില്‍ ഇവര്‍ മൂന്ന് പേരും കാശ്മീര്‍ താഴ്വരയിലെത്തി. 

കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ ഹരിശങ്കറും ശ്യാംപ്രസാദുമാണ് കൊടുമുടിയില്‍ നിന്നും ഓട്ടോയില്‍ യാത്ര തുടങ്ങിയത്. സുഹൃത്തായ മനു ജോലി സ്ഥലമായ ബംഗളൂരുവില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നു. മലപ്പുറത്ത് നിന്ന് കാശ്മീരിലേക്ക് ഓട്ടോയില്‍ യാത്ര നടത്തുക എന്ന സ്വപ്നമാണ് പൂര്‍ത്തിയായത്. ഒമ്പത് ദിവസം കൊണ്ട് കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഓട്ടോറിക്ഷ കശ്മീര്‍ തൊട്ടത്. 3177 കി ലോമീറ്ററാണ് മൂവര്‍ സംഘം മുച്ചക്രവാഹനത്തില്‍ താണ്ടിയത്. 

Latest Videos

ഇന്ത്യയിലെ ഗ്രാമങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും കാലാവസ്ഥയും തൊട്ടറിഞ്ഞായിരുന്നു ഈ മനോഹര യാത്ര. ശീതക്കാറ്റും കോടമഞ്ഞും കൊടും വെയിലും ഇവര്‍ അനുഭവിച്ചറിഞ്ഞു. ഇന്ന് ഇവരുടെ മടക്കയാത്ര ആരംഭിക്കും. രാത്രിയില്‍ ഏറെ വൈകിയാണ് വിശ്രമത്തിന് സമയം കണ്ടെത്തിയത്. ഭക്ഷണം സ്വയം ഉണ്ടാക്കിക്കഴിക്കുകയാണ് ചെയ്തിരുന്നത്. സൗകര്യമുള്ള സ്ഥലങ്ങളില്‍ ടെന്റ് കെട്ടിയായിരുന്നു രാത്രിയിലെ ഉറക്കം. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ രാത്രിയില്‍ റോഡരികിലെ വിശ്രമത്തിന് പ്രയാസമുണ്ടായതൊഴിച്ചു നിര്‍ത്തിയാല്‍ തടസമൊന്നും ഉണ്ടായില്ലെന്ന് മൂവരും പറയുന്നു. 

എക്സ്പ്രസ്സ് ഹൈവേകളില്‍ ഓട്ടോക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ സര്‍വിസ് റോഡുകളെയാണ് ആശ്രയിച്ചത്. ലഡാക്കായിരുന്നു ലക്ഷ്യമെങ്കിലും മഞ്ഞുവീഴ്ചയും സുരക്ഷാ പ്രശ്നവും കാരണം കശ്മീര്‍ അതിര്‍ത്തിയില്‍ തന്നെ തിരിക്കേണ്ടി വന്നു. ഇനി മണാലി വഴി നാട്ടിലേക്ക് മടക്കം. ഉത്സവാന്തരീക്ഷത്തിലാണ് കൊടുമുടിയില്‍ നിന്ന് നാട്ടുകാര്‍ യാത്രയാക്കിയത്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റുമായ പി. ഹബീബ് റഹ്മാനാണ് ഇവരുടെ യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ; 'രഹസ്യ ചര്‍ച്ച ചോര്‍ത്തിയ അധ്യാപകരെ കണ്ടെത്തണം, അന്വേഷണം നടത്തും'  


click me!