തന്നെ വ്യക്തിപരമായി താറടിക്കാന്‍ 2006 മുതല്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെല്ലാം ചേര്‍ന്നാണ് നുണക്കഥ സത്യമാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നതെന്ന് ജലീല്‍.
മലപ്പുറം: വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വീണ്ടും കെടി ജലീല്‍ രംഗത്ത്. തന്റെ മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചിട്ടില്ല. തന്നെ വ്യക്തിപരമായി താറടിക്കാന്‍ 2006 മുതല്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെല്ലാം ചേര്‍ന്നാണ് നുണക്കഥ സത്യമാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.
''ഇഡിയും കസ്റ്റംസും എന്‍ഐഎയും സര്‍വ്വ സന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് ഒരു രോമത്തില്‍ തൊടാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിര്‍മ്മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളില്‍ പങ്കുവെക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നാകും. സര്‍ക്കാരിനും സിപിഐഎം നേതാക്കള്‍ക്കുമെതിരെ സംഘടിതമായി നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തന്റെ കാര്യത്തില്‍ സംഭവിച്ചതു പോലുള്ള പച്ചനുണകളാണ് അവയെല്ലാമെന്ന് തിരിച്ചറിയാനാവണം. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ത്ത് കേരളം സംഘികള്‍ക്ക് തീറെഴുതിക്കൊടുക്കല്‍. വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നില്‍ക്കുന്നത് കൊണ്ടാണ്. അതിലെനിക്ക് ഒട്ടും ദുഃഖമില്ല. അഭിമാനമേയുള്ളൂ.'' വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തളര്‍ത്തി നിശബ്ദരാക്കാമെന്നാണ് ലീഗും കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നതെങ്കില്‍ ആ വെള്ളം അങ്ങ് ഇറക്കിവെക്കുന്നതാണ് നല്ലതെന്നും ജലീല്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കെടി ജലീല്‍ മൂന്ന് ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ എന്ന പേരില്‍ വ്യാജ ചിത്രം പ്രചരിച്ചത്. എന്നാല്‍ ജലീല്‍ എംഎല്‍എ ഇത്തരമൊരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടില്ല എന്നതാണ് വസ്തുതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്കിൽ വ്യക്തമായിരുന്നു. ചിത്രത്തിന്റെ ഉറവിടം എവിടെയാണ് എന്ന് വിശദമായി പരിശോധിച്ചപ്പോള്‍, ഒരു ടെലിവിഷന്‍ പരിപാടിയിലെ സെറ്റാണ് എന്നാണ് വ്യക്തമായത്.