'ഭക്ഷണമാണ്, വേസ്റ്റ് ആക്കരുത്, തിരികെ കൊണ്ടുപോണം'; ജീവനക്കാർക്കെതിരെ വടിയെടുത്ത് കോഴിക്കോട് ജില്ലാ കളക്ടർ

By Web TeamFirst Published Jan 23, 2024, 6:25 PM IST
Highlights

സിവില്‍ സ്റ്റേഷന്‍ ജൈവ മാലിന്യ സംസ്‌കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും വിവിധ ഓഫിസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്ത സാഹചര്യത്തിലാണ് ജൈവ മാലിന്യ സംസ്‌കരണത്തിന് കളക്ടറുടെ കര്‍ശന നടപടി.

കോഴിക്കോട്: ഭക്ഷണം വേസ്റ്റാക്കി കളക്ടറേറ്റ് പരിസരത്ത് നിക്ഷേപിക്കുന്ന ജീവനക്കാർക്കെതിരെ വടിയെടുത്ത് കോഴിക്കോട് ജില്ലാ കളക്ടർ. കളക്ടറേറ്റിലെ ജീവനക്കാര്‍ അനാവശ്യമായി ഭക്ഷണം വേസ്റ്റ് ആക്കുന്നതായും ഇങ്ങനെ വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടി കളക്ടർ സ്‌നേഹില്‍ കുമാര്‍ സിങ്ങ് സര്‍ക്കുലര്‍ പുറത്തിറക്കി. ജീവനക്കാരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തിമൂലം ജൈവമാലിന്യ സംസ്‌കരണം കൃത്യമായി നടക്കാതെ സിവില്‍ സ്റ്റേഷനും പരിസരവും വൃത്തികേടാവുന്ന സാഹചര്യമുണ്ടെന്നും അതിനാൽ കളക്ടറേറ്റ് - സിവില്‍ സ്റ്റേഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ ഭക്ഷണ അവശിഷ്ടം വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് സർക്കുലറിൽ പറയുന്നു.

സിവില്‍ സ്റ്റേഷന്‍ ജൈവ മാലിന്യ സംസ്‌കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും വിവിധ ഓഫിസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്ത സാഹചര്യത്തിലാണ് ജൈവ മാലിന്യ സംസ്‌കരണത്തിന് കളക്ടറുടെ കര്‍ശന നടപടി.  മുന്‍ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും 184 ഓഫീസുകള്‍ക്ക് മുന്നില്‍ വരാന്തയില്‍ സ്ഥാപിച്ച മാലിന്യ നിക്ഷേപ ബിന്നുകള്‍ ഇന്നലെ ഉച്ചയോടെ എടുത്തു മാറ്റി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടത്താന്‍  നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തി.

Latest Videos

ഓഫീസുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച മൂന്ന് നിറത്തിലുളള ബിന്നില്‍ വ്യത്യസ്ത മാലിന്യങ്ങളാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ പലജീവനക്കാരും ഭക്ഷണ അവശിഷ്ടവും ഓഫിസ് മാലിന്യവും ഒരുമിച്ചാണ് നിക്ഷേപിക്കുന്നത്. ചിലര്‍ ഓഫീസ് ജനല്‍ വഴി പുറത്തേക്കും ഒഴിവാക്കുന്നു. ബിന്നില്‍ വേര്‍തിരിക്കാതെ നിക്ഷേപിച്ച മാലിന്യം ഹരിതകര്‍മ സേനയും ശുചിത്വ മിഷന്‍ നീക്കം ചെയ്യാറില്ല.

ഇതോടെ കളക്ടറേറ്റ് ചുറ്റും മാലിന്യം നിറയാന്‍ തുടങ്ങിയിരുന്നു. നിലവില്‍ കലക്ടറേറ്റില്‍ 29 ശുചീകരണ തൊഴിലാളികളും സിവില്‍ സ്റ്റേഷനിലെ മറ്റ് ഓഫീസുകള്‍ക്കായി 34 ശുചീകരണ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. പ്രതിദിന ഓഫീസ് ശുചീകരണ അവശിഷ്ടം, പേപ്പര്‍, അനുബന്ധ വസ്തുക്കളാണ് ഇവര്‍ രാവിലെ പത്ത് വരെ നീക്കം ചെയ്യുന്നത്. ഇതിന് ശേഷം ബിന്നില്‍ ജീവനകാര്‍ ഭക്ഷണ അവശിഷ്ടം നിക്ഷേപിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Read More : 20 കോടിയോ ഒരു കോടിയോ?,20-20 ഭാഗ്യം തുണയ്ക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം; ബമ്പറിന് റെക്കോര്‍ഡ് വിൽപ്പനയും

click me!