അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ത്രീ സൗഹൃദ പാർക്ക് നിർമ്മിച്ചത്. ഫണ്ട് തട്ടാനുള്ള വികസനമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം.
കൊല്ലം: കൊല്ലത്ത് സ്ത്രീകൾക്ക് മാത്രമായൊരു പാർക്കുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണിത്. സ്ത്രീകൾക്കെന്നല്ല, ഒരു മനുഷ്യനും കയറാനാവാത്ത വിധം നശിക്കുകയാണ് പൊതുമുതൽ ചെലവിട്ടുണ്ടാക്കിയ ഈ പാർക്ക്.
2019 ലാണ് ആശ്രാമം മൈതാനത്തിന് മുൻപിലായി സ്ത്രീ സൗഹൃദ പാർക്ക് യാഥാർത്ഥ്യമായത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആരും കയറാതായി. ലക്ഷങ്ങൾ മുടക്കി കൊല്ലം കോർപ്പറേഷൻ നിർമ്മിച്ച പാർക്കിൽ ഇന്ന് ആളനക്കമില്ല. പരിപാലനമില്ലാതെ പാർക്ക് കാട് കയറി നശിക്കുകയാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ത്രീ സൗഹൃദ പാർക്ക് നിർമ്മിച്ചത്. ഫണ്ട് തട്ടാനുള്ള വികസനമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം.
പാർക്കിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളും നടപ്പാതയും ഉപയോഗ ശൂന്യമായി തുടങ്ങി. ഉദ്യാനം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. അടിയന്തരമായി പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാണ് ആവശ്യം.