കൊല്ലം സ്വദേശികളായ ദമ്പതികൾ, ഇന്‍റർനെറ്റിൽ പരസ്യം നൽകി, കെണിയിലായത് 56 പേർ; 2 കോടിയോളം തട്ടി, ഒടുവിൽ പിടിയിൽ

By Web Team  |  First Published Dec 24, 2023, 12:28 AM IST

ഉദ്യോഗാര്‍ത്ഥികള്‍ ബഹളം വെക്കുന്നുവെന്ന് ബിനില്‍കുമാര്‍ പറഞ്ഞപ്പോള്‍ ഇവർ മുപ്പതു പേര്‍ക്കുള്ള വിസ വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും നല്‍കി. എന്നാൽ ഇത് പരിശോധിച്ചപ്പോഴാണ് രണ്ടും വ്യാജമായി ഉണ്ടാക്കിയതാണെന്ന ബോധ്യമായത്.


കൊല്ലം: വിദേശത്ത് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. യു കെ, സിംഗപൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.

ഡിജിറ്റൽ മാര്‍ക്കെറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാറിന്റെ പരാതിയിലാണ് നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ,  ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

Latest Videos

undefined

പണം വാങ്ങിയിട്ടും വിസ ലഭിക്കാതിരുന്നതോടെ ആളുകൾ പരാതിയുമായി ബിനിൽ കുമാറിന്‍റെ അടുത്തെത്തി. നിരവധി പേർ എത്തി ചോദ്യം ചെയ്തതോടെ ഇയാൾ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടു. ഉദ്യോഗാര്‍ത്ഥികള്‍ ബഹളം വെക്കുന്നുവെന്ന് ബിനില്‍കുമാര്‍ പറഞ്ഞപ്പോള്‍ ഇവർ മുപ്പതു പേര്‍ക്കുള്ള വിസ വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും നല്‍കി. 

എന്നാൽ ഇത് പരിശോധിച്ചപ്പോഴാണ് രണ്ടും വ്യാജമായി ഉണ്ടാക്കിയതാണെന്ന ബോധ്യമായത്. ഇതോടെ ബിനിൽകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് കൊച്ചിയിലെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് ദില്ലിയിലുള്ള റിക്രൂട്ട് മെൻറ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇറങ്ങിയതെന്ന് ചിഞ്ചു പൊലീസിനോട് പറഞ്ഞു.

click me!