1,22,50,000 രൂപയുടെ പദ്ധതിയുമായി അതിവേഗം മുന്നോട്ട്; മോഹൻലാൽ ആരാധകർക്കും ആവേശം, തുടക്കം മാത്രമെന്ന് മന്ത്രി

By Web TeamFirst Published Jun 11, 2024, 5:39 PM IST
Highlights

1989 ല്‍ പുറത്തിറങ്ങിയ 'കിരീടം' സിനിമയില്‍ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ അതിപ്രശസ്തമായതോടെ ഈ പാലവും ശ്രദ്ധ നേടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട 'സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി' പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ആണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. ഇവര്‍ ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു. ഇതിന് വകുപ്പ് അംഗീകാരം നല്‍കിയതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1,22,50,000 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകര്‍ഷകമായ ടൂറിസം ഉത്പന്നമാക്കി മാറ്റുന്ന പദ്ധതിയാണ് വെള്ളായണിയില്‍ നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി പാലവും പരിസരവും നവീകരിക്കും. ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

Latest Videos

1989 ല്‍ പുറത്തിറങ്ങിയ 'കിരീടം' സിനിമയില്‍ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ അതിപ്രശസ്തമായതോടെ ഈ പാലവും ശ്രദ്ധ നേടി. ഈ സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടാകുമ്പോഴും നിരവധി ആരാധകരും വിനോദസഞ്ചാരികളും പാലം കാണാന്‍ വെള്ളായണിയില്‍ എത്തുന്നുണ്ട്. ഈ പ്രശസ്തി മുന്‍നിര്‍ത്തിയാണ് ടൂറിസം വകുപ്പിന്‍റെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ വെള്ളായണി പാലം സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്.

പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിന്‍റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം സിനിമാ ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ ഫലവത്താകുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങള്‍ക്ക് സിനിമാ ടൂറിസം കരുത്ത് പകരുമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!