ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടന്ന പരാതി വ്യാജം. സ്വര്‍ണം നഷ്ടപ്പെട്ടില്ലെന്ന് ഒടുവില്‍ ഉടമയുടെ കുറ്റസമതം
തൃശൂര്‍: ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടന്ന പരാതി വ്യാജം. സ്വര്‍ണം നഷ്ടപ്പെട്ടില്ലെന്ന് ഒടുവില്‍ ഉടമയുടെ കുറ്റസമതം. ഇതോടെ ആശ്വാസത്തിലായത് ബാങ്കും ബാങ്ക് അധികൃതരും. സഹകരണ ബാങ്കുകള്‍ക്കെതിരേ വ്യാപക ആരോപണങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയാണ് കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായി എന്ന പരാതി വന്നത്. ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം പോയി എന്ന ഉടമയുടെ പരാതി അധികൃതർ ഗൗരവമായാണ് കണ്ടത്.
കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടന്ന് കാണിച്ച് എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഉടമ പരാതി നല്‍കുക കൂടി ചെയ്തതോടെ അന്വേഷണം ഊര്‍ജിതമായി. അവസാനം ഉടമയുടെ തുറന്ന് പറച്ചിലില്‍ എല്ലാം ശുഭം. സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്ന് വച്ചതാണെന്ന് പരാതിക്കാരി ഇപ്പോള്‍ പറയുന്നത്.
സേഫ് ലോക്കറിന്റെ മാസ്റ്റര്‍ കീ ബാങ്കിന്റെ കൈവശവും ലോക്കറിന്റെ കീ ലോക്കര്‍ ഉടമയുടെ കൈവശവുമാണുള്ളത്. എങ്ങനെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നത് അന്ന് തന്നെ സംശയനിഴലിലായിരുന്നു. സത്യാവസ്ഥ അറിയുന്നതിനുവേണ്ടി ബാങ്ക് മാനേജരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുനിതയുടെയും സുനിതയുടെ മാതാവ് സാവിത്രിയുടെയും പേരിലാണ് ലോക്കര്‍. അവസാനമായി സാവിത്രിയാണ് ലോക്കര്‍ തുറന്നിട്ടുള്ളത്. പരാതി അന്വേഷിച്ച് കൊണ്ടിരിക്കെയാണ് പരാതിക്കാരി കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്ന് വച്ചതാണെന്നറിയിക്കുന്നത്.
അതേസമയം വ്യാജപരാതിക്കെതിരേ ബാങ്ക് നിയമനടപടി സ്വീകരിക്കും. സ്വര്‍ണം കാണാതായ സംഭവം ബാങ്കിന് അവമതിപ്പുണ്ടാക്കിയിരുന്നു. ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുണ്ടായ സംഭവത്തില്‍ കേസുമായി ബാങ്ക് മുന്നോട്ടുപോകുന്നതാണെന്ന് ബാങ്ക് അധികാരികള്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ബ്രാഞ്ചില്‍ പോണത്ത് സാവിത്രിയും മകള്‍ സുനിതയും കൂട്ടായി ഉപയോഗിച്ചുവരുന്ന സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ നിന്ന് അറുപതില്‍ പരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി വന്നതിനെ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. അന്വേഷണം നടത്തിവരുന്നതിനിടെ ലോക്കര്‍ ഉടമകളുടെ ബന്ധുവിന്റെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിവരം ഉടമകള്‍ തന്നെ സമ്മതിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജാരാവുകയായിരുന്നു. അവര്‍ പറയുന്ന കാര്യങ്ങളില്‍ ബാങ്കിന് സംശയമുണ്ട്.