ആന പരിപാലന കേന്ദ്രത്തിലെ ഏഷ്യയിലെ തന്നെ ഏറ്റവും മുതിർന്ന ആനയായ 83 വയസായ ഗജ മുത്തശ്ശൻ സോമന് ആനയൂട്ടു നടത്തിയാണ് കെ ജെ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തത്
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ ഗജ ദിനം ആഘോഷിച്ചു. ഇ ആർ സി പ്രോജക്ട് സ്പെഷ്യൽ ഓഫീസറും വിരമിച്ച പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ കെ ജെ വർഗീസ് ഐ എഫ് എസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആന പരിപാലന കേന്ദ്രത്തിലെ ഏഷ്യയിലെ തന്നെ ഏറ്റവും മുതിർന്ന ആനയായ 83 വയസായ ഗജ മുത്തശ്ശൻ സോമന് ആനയൂട്ടു നടത്തിയാണ് കെ ജെ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തത്. പഴം, ശർക്കര, അവൽ, പുറുത്തിചക്ക, ആപ്പിൾ, തണ്ണി മത്തൻ, വെള്ളരി, രാഗി, പയർ എന്നിവയൊക്കെ ഉൾപ്പെടുത്തി വിഭവ സമൃദ്ധമായ ആനയൂട്ട് ആണ് നടന്നത്. കാപ്പുകാടു കേന്ദ്രത്തിൽ ആകെ 16 ആനകളിൽ 14 ആനകൾക്ക് ഇവിടെയും മരകുന്നത്ത് മാറ്റി പാർപ്പിച്ച രണ്ടു അനകൾക്ക് അവിടെയും ഉദ്യോഗസ്ഥർ ആനയൂട്ട് നടത്തി. എട്ട് കുട്ടിയാനകളും മുതിർന്ന 8 ആനകളും ആണ് കപ്പുകാട് ഉള്ളത്.
സോഷ്യൽ ഫോറസ്റ്റ്ട്രി, തിരുവനന്തപുരം വൈഡ് ലൈഫ് ഡിവിഷൻ സംയുക്തമായി നാടൻ ആനപാപ്പാൻമാർക്കും ഉത്തരം കോട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് ക്വിസ് മത്സരവും സംഘടപ്പിച്ചു. മുൻപ് ആനകൾക്ക് ഹേർപ്പിസ് വയറസ് ബാധ ഉണ്ടാക്കുകയും ഇതിന് ശമനം ഉണ്ടാകുകയും ചെയ്തു എങ്കിലും ആനകളെ കൂടുതൽ അടുത്ത് ഇടപഴകാൻ ഇപ്പൊൾ കേന്ദ്രത്തിൽ അനുവദിക്കാറില്ല. മുൻകാലങ്ങളിലെ പോലെ ആന പരേഡ് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നെങ്കിലും ശനിയാഴ്ച കാപ്പുകാട് സന്ദർശനത്തിന് എത്തിയ വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും വേറിട്ട കാഴ്ചയായി ആനയൂട്ടും ഗജ ദിനാഘോഷം. കാപ്പുകാട് ഡെപ്യൂട്ടി വാർഡൻ ലിതേഷിന്‍റെ നേതൃത്വത്തിലാണ് കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ ആഘോഷങ്ങൾ നടന്നത്. ഡെപ്യൂട്ടി റേഞ്ചർ ഷിജു എസ് വി നായർ, സെക്ഷന് ഓഫീസർ സീനു തുടങ്ങി ഉദ്യോഗസ്ഥരും പങ്കാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം