'രോഗാണുവിനെ അടുത്ത തലമുറയിലേക്ക് കൈമാറാന്‍ കഴിവ്'; ഈഡിസ് കൊതുകുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

By Web Team  |  First Published May 16, 2024, 7:36 PM IST

'രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി അതീവ ഗുരുതരമാണ്.'


തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി മരണങ്ങളും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇടവിട്ടുള്ള മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യമുണ്ടാക്കാം. അതുകൊണ്ട് പ്രധാന ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനമായ കൊതുക്, കൂത്താടി നശീകരണം എന്നിവ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

'കറുപ്പില്‍ വെള്ളപ്പുള്ളികളുള്ള ഈഡിസ് കൊതുകളാണ് ഡെങ്കിപ്പനിക്ക് കാരണമായ വൈറസുകള്‍ പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ടു വളരുന്ന ഇവ പ്രധാനമായും കൃത്രിമമായ ജലശേഖരങ്ങളില്‍ കാണപ്പെടുന്നു. മുട്ടയിട്ട് വിരിയാന്‍ വളരെ കുറച്ച് വെള്ളം മതിയെന്നതും പ്രജനന പ്രക്രിയയിലൂടെ ഡെങ്കിപ്പനി രോഗാണുവിനെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുവാനുമുള്ള കഴിവും ഈഡിസ് കൊതുകിന്റെ പ്രത്യേകതയാണ്.' വീടിനകത്തും പുറത്തും പൊതുസ്ഥലങ്ങളിലുമുള്ള ഉറവിടങ്ങളിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

Latest Videos

'വീടിനകത്തുള്ള ഫ്രിഡ്ജിന്റെ ട്രേ, അലങ്കാര സസ്യങ്ങള്‍ നട്ടുവളര്‍ത്തിരിക്കുന്ന ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് മുതലായവ വളര്‍ത്തുന്ന വെള്ളം നിറച്ച പാത്രങ്ങളും കുപ്പികളും, വീട്ടുപറമ്പില്‍ ഉപേക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ കളിപ്പാട്ടങ്ങള്‍ മുട്ടത്തോട് ചിരട്ട എന്നിവയും വീടുകളുടെ സണ്‍ ഷേഡുകള്‍, മേല്‍ക്കൂരയുടെ പാത്തികള്‍, മുകള്‍നിലകളിലും മറ്റുമുള്ള ഉപയോഗിക്കാത്ത ടോയ്ലറ്റുകള്‍ എന്നിവയും ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലെ കുടിവെള്ളവും മറ്റും സൂക്ഷിച്ചിരിക്കുന്ന ടാങ്കുകള്‍ പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളിലെ റബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ വീണുകിടക്കുന്ന പാളകള്‍, ജാതി തോട്ടങ്ങളിലെ കൊഴിഞ്ഞ തൊണ്ടുകള്‍, കൈതച്ചക്ക തോട്ടങ്ങളിലെ ഇലകള്‍ക്കിടയിലുള്ള വിടവുകള്‍, വാഹനങ്ങളുടെ ടയറുകള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകളിലെ ഉപയോഗ ശൂന്യമായതും പഴയതുമായ ടയറുകള്‍, വീടുകളിലും മറ്റും ചോര്‍ച്ച ഒഴിവാക്കാനായി മേല്‍ക്കൂരയില്‍ വിരിക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകളുടെ മടക്കുകള്‍, മഴ വെള്ളം കെട്ടിനില്‍ക്കാനിടയുള്ള മരപ്പൊത്തുകള്‍, മുളങ്കുറ്റികള്‍, വെള്ളക്കെട്ടുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളിലെ വെള്ളം ടാങ്കുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈഡിസ് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടുവരുന്നത്.'  ആഴ്ചയില്‍ ഒരിക്കല്‍ ഈ ഉറവിടങ്ങള്‍ ഈഡിസ് കൊതുകു മുട്ടകളും കൂത്താടികളും ഇല്ല എന്ന് ഉറപ്പുവരുത്താനായി വൃത്തിയാക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

'വീട്ടാവശ്യത്തിനുള്ള വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ മൂടിയോ നെറ്റോ തുണിയോ ഉപയോഗിച്ച് കൊതുകുകള്‍ കടക്കാത്ത വിധം സൂക്ഷിക്കേണ്ടതാണ്. മണി പ്ലാന്റ് തുടങ്ങിയ അലങ്കാര സസ്യങ്ങള്‍ സൂക്ഷിക്കുന്ന വെള്ളം നിറച്ച പാത്രങ്ങളുടെ വായ പഞ്ഞിയോ പേപ്പറോ ഉപയോഗിച്ച് കൊതുക് കയറാത്ത വിധം പഴുതടയ്ക്കേണ്ടതാണ്. ഉറവിടങ്ങളാവാന്‍ സാധ്യതയുള്ള വലിച്ചെറിയപ്പെടുന്ന വീട്ടുമാലിന്യങ്ങള്‍ സമയാസമയങ്ങളില്‍ നശിപ്പിക്കുകയോ നിര്‍മാര്‍ജനം ചെയ്യുകയോ ചെയ്യണം. വെള്ളം കെട്ടിനിന്ന് ഉറവിടമാകാനിടയുള്ള ടയറുകളിലും മരപ്പൊത്തുകളിലും മുളങ്കുറ്റികളിലും മണ്ണു നിറയ്ക്കണം, ടെറസിലും സണ്‍ഷേഡിലും മേല്‍ക്കൂരയുടെ പാത്തികളിലും മഴവെള്ളം കെട്ടിനില്‍ക്കാതെ തടസങ്ങള്‍ നീക്കി ഒഴുക്കി വിടണം. ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്താനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്.' കൊതുകളുടെ മുട്ട, കൂത്താടി എന്നിവ നശിപ്പിക്കുന്ന രാസമിശ്രിതങ്ങളുടെ സ്പ്രേയിങ്, ടെമിഫോസ് തരികളുടെ വിതറല്‍, ഫോഗിങ്, കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ എന്നീ മത്സ്യങ്ങളെ വെള്ളക്കെട്ടുകളിലും മറ്റും നിക്ഷേപിക്കുക എന്നതും ഫലപ്രദമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

undefined

'കൊതുകുകടി ഏല്‍ക്കാതിരിക്കാനായി വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ കൊതുകുതിരിയുടെ ഉപയോഗം, സാമ്പ്രാണി, കുന്തിരിക്കം എന്നിവയുടെ പുകയ്ക്കല്‍, കൊതുകുകടി ഏല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകുമ്പോള്‍ കൊതുകുകളെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍, വേപ്പെണ്ണ എന്നിവ പുരട്ടുക, കൊതുകുവല ഉപയോഗിക്കുക, ശരീരം മുഴുവന്‍ മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതും പ്രായോഗികമാണ്. സാധാരണ പകല്‍ സമയങ്ങളിലാണ് ഈഡിസ് കൊതുകകള്‍ മനുഷ്യനെ കടിക്കുന്നതായി കണ്ടുവരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി അതീവ ഗുരുതരമാണ്.' ഒരു തവണ സാധാരണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്കും, പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലും ഉറവിട കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഇത്തരം ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
 

സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'
 

click me!