വജ്രം, സ്വർണം, ആഡംബര വാച്ച്..; പ്രവാസിയുടെ വീട്ടിൽ കവർച്ച, കണ്ണൂർ സ്ക്വാഡ് സ്റ്റൈൽ ഓപറേഷനിൽ യുപി സ്വദേശി വലയിൽ

By Web Team  |  First Published Dec 19, 2023, 11:57 AM IST

വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്.


മാന്നാർ (ആലപ്പുഴ): പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി അറസ്റ്റിൽ. യു പി സ്വദേശിയായ മുഹമ്മദ് അസ്ഹറിനെയാണ് ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽ നിന്നും പിടികൂടിയത്. മാന്നാർ എസ് ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘം രണ്ടാഴ്ച മുമ്പാണ് പിടികിട്ടാനുണ്ടായിരുന്ന രണ്ടു പേർക്കായി ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടത്. മൂന്ന് പ്രതികളെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് നേരത്തേ പിടികൂടിയിരുന്നത്. യു പി സ്വദേശിയായ റിയാസത്ത് അലിയെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂളിന് സമീപത്തെ വീട്ടിലും, ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും സെപ്റ്റംബർ 23ന് രാത്രിയിലായിരുന്നു മോഷണം.

വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്. ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ നിന്നും പണമോ സ്വർണമോ നഷ്ടപ്പെട്ടിരുന്നില്ല. 

click me!