'വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ...' വിജയം ആഘോഷമാക്കി മന്ത്രിയും ജനപ്രതിനിധികളും

By Web TeamFirst Published Feb 23, 2024, 2:34 PM IST
Highlights

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണെന്ന് ശിവൻകുട്ടി.

തിരുവനന്തപരം: നേമം വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടിയും തലസ്ഥാനത്തെ ജനപ്രതിനിധികളും. വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 'തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.' ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ശിവന്‍കുട്ടി പറഞ്ഞു. 

വര്‍ഗീയതയെ തള്ളിക്കളഞ്ഞ് മതേതരപക്ഷത്ത് നിലയുറപ്പിച്ച വെള്ളാറിലെ വോട്ടേഴ്‌സിനും വിജയത്തിനായി പ്രയത്‌നിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വെള്ളാര്‍ ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേയെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വോട്ട് ചെയ്തവര്‍ക്കും ഒപ്പം നിന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്നും മേയര്‍ പറഞ്ഞു. 

Latest Videos

'പത്തിടത്ത് എല്‍ഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി'

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ആറ് വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്ന വിജയമാണിത്. 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചപ്പോള്‍ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ആകെ കണക്കില്‍ എല്‍ഡിഎഫും യുഡിഎഫും പത്ത് സീറ്റുകള്‍ വീതം നേടിയെങ്കിലും എല്‍ഡിഎഫിന് തന്നെയാണ് നേട്ടം.

യുഡിഎഫിന്റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ ഡിവിഷന്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍ഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം കുന്നനാട്, ചടയമംഗലം കുരിയോട്  വാര്‍ഡുകളാണ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് വാര്‍ഡുകള്‍. നെടുമ്പാശേരി കല്‍പക നഗര്‍, മുല്ലശ്ശേരി, പതിയാര്‍കുളങ്ങര, മുഴപ്പിലങ്ങാട്, മമ്മാക്കുന്ന് വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. കല്പകനഗറിലെ ജയത്തോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചത്.

യുഡിഎഫിന് അഞ്ച് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു. മൂന്നാര്‍ പഞ്ചായത്തിലെ രണ്ട് സീറ്റുകള്‍ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത് മാത്രമാണ് യുഡിഎഫിന് ആശ്വസിമായത്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസ് ആദ്യമായി ജയിച്ചു. ബിജെപിക്ക് ആകെ മൂന്ന് സീറ്റാണ് നഷ്ടമായത്. രണ്ട് എണ്ണം പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ ജയിച്ച് ബിജെപി നഗരസഭയില്‍ അക്കൗണ്ട് തുറന്നു. ആദ്യമായി മട്ടന്നൂര്‍ നഗരസഭയില്‍ വിജയിക്കാനായത് ബിജെപിക്ക് നേട്ടമായി.

സിനിമയെ വെല്ലും നിമിഷങ്ങള്‍: വേട്ടക്കിടയില്‍ പന്നി ആക്രമണം, വേട്ടക്കാരനും പിന്നാലെ പന്നിയും കിണറ്റില്‍ 
 

tags
click me!