കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് കാബിനിൽ ഞെരിഞ്ഞമർ‌ന്ന് ഡ്രൈവർ, അതിസാ​ഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ് 

By Web TeamFirst Published Feb 10, 2024, 1:13 PM IST
Highlights

ഡ്രൈവറുടെ തലയ്ക്കും മുഖത്തും പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. ആളിൻ്റെ നെഞ്ചു വരെയുള്ള ഭാഗം പൂർണ്ണമായും ഞെരിഞ്ഞമർന്ന് പുറത്തു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

തൃശൂർ: കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ചാലക്കുടി മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് കോട്ടണുമായി പോയ കണ്ടെയ്നർ ട്രെയ്ലർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൊട്ടുമുമ്പിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കണ്ടെയ്നർ ട്രെയ്ലർ  വാഹനം സിഗ്നലിൽ പെട്ടെന്നു നിർത്തിയപ്പോൾ ഇടിച്ചു കയറുകയായിരുന്നു.

പിറകിൽ വന്ന വാഹനത്തിൻ്റെ ക്യാബിൻ ചെയ്സിൽ നിന്നു വേർപെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമർന്ന് വാഹനത്തിൻ്റെ ഡ്രൈവർ കൊല്ലം സ്വദേശിയായ ബേബി (41) ക്യാബിനുള്ളിൽ കുടുങ്ങി. ഡ്രൈവറെ പുറത്തു നിന്ന് കാണാൻ കഴിയാത്ത വിധം ക്യാബിൻ ഞെരിഞ്ഞമർന്നിരുന്നു. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ചാലക്കുടി അഗ്നിരക്ഷാസേന, സേനയുടെ വാഹനം ഉപയോഗിച്ച് ഇടിയുടെ ആഘാതത്തിൽ ടയറുകൾ പൊട്ടിപ്പോയ പിൻഭാഗം തകർന്ന, മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ വാഹനം കെട്ടി വലിച്ചു മാറ്റി.

Latest Videos

ഡ്രൈവറുടെ തലയ്ക്കും മുഖത്തും പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. ആളിൻ്റെ നെഞ്ചു വരെയുള്ള ഭാഗം പൂർണ്ണമായും ഞെരിഞ്ഞമർന്ന് പുറത്തു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. സേനാംഗങ്ങൾ ഹൈഡ്രോളിക് സ്പ്രെഡർ, ഹൈഡ്രോളിക് റാം എന്നിവ പ്രവർത്തിപ്പിച്ച് ലോഹ ഭാഗങ്ങൾ അകത്തുകയും ചെയിൻ ബ്ലോക്ക്, അയൺ റോപ്പ് എന്നിവ ഉപയോഗിച്ച് ക്യാബിൻ കെട്ടി വലിക്കുകയും ചെയ്തു. ഇരുകാലുകളും ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റ ആളെ അര മണിക്കൂർ കൊണ്ട് വളരെ ശ്രമകരമായി സേനാംഗങ്ങൾ പുറത്തെടുത്തു.

ഇയാളെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി.രമേശ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എ.വി. രജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വി ആർ . രജീഷ്, എ.സ്. അതുൽ, രോഹിത്, കെ ഉത്തമൻ, ഹോം ഗാർഡ്  കെ.പി. മോഹനൻ, പി.ടി.  ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

click me!