മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങിമരിച്ചത് 5 വിദ്യാർഥികൾ, തിരുവനന്തപുരത്തും മലപ്പുറത്തും കണ്ണീർ

By Web TeamFirst Published Jan 26, 2024, 8:58 PM IST
Highlights

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളായ വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നും മറ്റൊരു നടുക്കുന്ന വാർത്തയും കേരളത്തെ കണ്ണീരിലാഴ്ത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്തും മലപ്പുറത്തുമായി ഇന്ന് 5 വിദ്യാർഥികൾ മുങ്ങിമരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടിടത്തും ദുരന്തമുണ്ടായത്. ഉച്ചക്ക് ശേഷം മലപ്പുറത്താണ് ആദ്യ ദുരന്തവാർത്തയെത്തിയത്. മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളായ വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നും മറ്റൊരു നടുക്കുന്ന വാർത്തയും കേരളത്തെ കണ്ണീരിലാഴ്ത്തിയത്. വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

ബിഹാറിൽ എന്ത് സംഭവിക്കും, എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ച് നിതീഷ് കുമാർ; അമിത് ഷായും കളത്തിൽ

Latest Videos

മലപ്പുറത്ത് നഷ്ടമായത് സഹോദരങ്ങളുടെ ജീവൻ

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങലാണ് മുങ്ങി മരിച്ചത്. അകമ്പാടം സ്വദേശികളായ ബാബു - നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) , റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയിൽ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

വെള്ളായണിയിൽ നഷ്ടമായത് 3 ജീവൻ

തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. ഇന്ന്  ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) , ഫെർഡിൻ (19) , ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്ന് പേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴ്കുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്ന് വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!