വഴി അടച്ച് കര്‍ണ്ണാടക; വയനാട് - കുടക് അതിര്‍ത്തി അടയ്ക്കാനായിട്ട മണ്ണിന് മുകളില്‍ മുള്‍ച്ചെടിയും കമ്പിവേലിയും

By Web Team  |  First Published Jun 27, 2020, 10:34 AM IST


മണ്‍കൂനയ്ക്ക് മുകളില്‍ മുള്‍ച്ചെടികള്‍ വച്ചപ്പോള്‍ മരുന്നും മറ്റ് അവശ്യസാധനങ്ങളും മണ്‍കൂനവരെ എത്തിച്ച് കൈമാറുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇങ്ങനെ അവശ്യസാധന കൈമാറ്റം പോലും ഇല്ലാതാക്കാനാണ് ഇപ്പോള്‍ മണ്‍കൂനയും അതിന് മുകളിലെ മുള്‍ച്ചെടിക്കും പുറമേ കമ്പിവേലിയും കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 


കല്‍പ്പറ്റ: മഹാമാരിയുടെ കാലത്ത് പകര്‍ച്ചവ്യാധി ഭയത്തില്‍ അതിര്‍ത്തികളിലുള്ള മലയാളികളോട് കര്‍ണാടകയുടെ ക്രൂര നിലപാട് തുടരുന്നു. വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞത് മതിയാകാതെ മണ്‍കൂനക്ക് മുകളില്‍ ഇപ്പോള്‍ കമ്പിവേലിയും കെട്ടി യാത്ര പൂര്‍ണ്ണമായും തടസപ്പെട്ടുത്തിയിരിക്കുകയാണ്. എന്നാല്‍, രാത്രി യാത്രാ നിരോധനമില്ലാത്ത ഏക പാതയായ ഇവിടെ സ്ഥിരമായി അടച്ചിടാനാണ് കര്‍ണ്ണാടകയുടെ നീക്കമെന്നാണ്  പരിസരവാസികള്‍ ആരോപിക്കുന്നത്. 

കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കര്‍ണ്ണാടക കുട്ട ചെക്‌പോസ്റ്റിന് സമീപം കര്‍ണ്ണാടക മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. ഇതിന് ശേഷം അതിര്‍ത്തിക്കപ്പുറമുള്ള മലയാളി കുടുംബങ്ങള്‍ക്ക് മരുന്നും മറ്റു അവശ്യസാധനങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ എത്തിച്ചിരുന്നത് ഈ മണ്‍കൂനക്ക് മുകളിലൂടെ ചാടിക്കടന്നായിരുന്നു. മണ്‍കൂന മറികടന്നുള്ള യാത്ര നിരോധിക്കാനായി പിന്നീട് മുള്‍ച്ചെടികള്‍ വച്ച് പിടിപ്പിച്ചു. മണ്‍കൂനയ്ക്ക് മുകളില്‍ മുള്‍ച്ചെടികള്‍ വച്ചപ്പോള്‍ മരുന്നും മറ്റ് അവശ്യസാധനങ്ങളും മണ്‍കൂനവരെ എത്തിച്ച് കൈമാറുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇങ്ങനെ അവശ്യസാധന കൈമാറ്റം പോലും ഇല്ലാതാക്കാനാണ് ഇപ്പോള്‍ മണ്‍കൂനയും അതിന് മുകളിലെ മുള്‍ച്ചെടിക്കും പുറമേ കമ്പിവേലിയും കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

Latest Videos

അതിര്‍ത്തി ഗ്രാമമായ കുട്ടയിലും പരിസരങ്ങളിലും ജോലിക്കും മറ്റുമായെത്തി ഇവിടെ സ്ഥിരമായും വാടകയ്ക്കും താമസമാക്കിയ മലയാളികളാണ് അതിര്‍ത്തി റോഡ് അടച്ചതോടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. അവശ്യസാധനങ്ങളുടെ കൈമാറ്റമുള്‍പ്പെടെയുള്ള എല്ലാ ഇടപാടുകളും അതോടൊപ്പം, അതിര്‍ത്തി ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധവും പൂര്‍ണമായി തടയുന്നതിനാണ് കര്‍ണാടക കമ്പിവേലി കെട്ടിയതെന്നാണ് സൂചന. മലയാളികള്‍ ഏറെയുള്ള സ്ഥലമായിട്ടും സംഭവം ഗൗരവമായി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. നിലവില്‍ ബാവലി, മുത്തങ്ങ ചെക്‌പോസ്റ്റുകള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കൂ. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളിലെ ജനജീവിതം മാസങ്ങളായി നിയന്ത്രണങ്ങളിലാണ്.

click me!