കുറഞ്ഞ ചെലവിലുള്ള വീട് നിര്‍മ്മാണം പ്രധാനപ്പെട്ട ചലഞ്ചായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച നയങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി.
കൊച്ചി: കുറഞ്ഞ ചെലവില്‍ പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പാര്‍പ്പിടനയം 2024ല്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ രാജന്‍. കുറഞ്ഞ ചെലവിലുള്ള വീട് നിര്‍മ്മാണം പ്രധാനപ്പെട്ട ചലഞ്ചായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച നയങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഫോഡബിള്‍ ഹൗസിങ് സമ്മേളനം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
'സംസ്ഥാനത്തെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ മനസിലാക്കി സമഗ്രമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി കൂടിയാലോചിച്ചാണ് പാര്‍പ്പിട നയം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രകൃതിയുടെ വിവിധ വിധത്തിലുള്ള വ്യതിയാനങ്ങളാല്‍ പ്രതിസന്ധി നേരിടുന്ന പ്രവചനാതീതമായ കാലാവസ്ഥയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യത്യസ്തമായ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.' ഇതിന്റെ ഭാഗമായി പല മാറ്റങ്ങളിലേക്കും കടന്ന് ചെന്ന് ഭൂമി, ഭവന സംബന്ധമായ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബോള്‍ഗാട്ടിയില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ വരുന്ന 17 ഏക്കര്‍ സ്ഥലത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ പുതിയ കെട്ടിടം സമുച്ചയം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എക്‌സിബിഷന്‍ സെന്റര്‍ ആയി മാറ്റും. എന്‍ ബി സി സിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 3,06,000 ചതുശ്ര അടി വ്യവസായിക ആവശ്യങ്ങള്‍ക്കായും 40 ലക്ഷം ചതുശ്ര അടി ഹൗസിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായും മാറ്റിവയ്ക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
'സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വാഴമുട്ടത്ത് ആരംഭിക്കുന്ന നാഷണല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 40 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയിലൂടെ വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൗസ് പാര്‍ക്കില്‍ വിവിധ തരത്തിലുള്ള നാല്‍പ്പതോളം വീടുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.' വീട് വയ്ക്കാനുള്ള ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലവറ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നും നിപ പുതിയ കേസുകളില്ല; 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി