രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടർ ടാക്സി ഉദ്ഘാടനം 15 ന്

By Web Team  |  First Published Oct 13, 2020, 9:14 PM IST

ബോട്ടിൽ 10 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) ലാണ് വേഗം. 


ആലപ്പുഴ: ആലപ്പുഴയുടെ യാത്രാദുരിതത്തിന് പരിഹാരമായി വാട്ടര്‍ ടാക്സികളുമായി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടർ ടാക്സി 15 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പാണാവള്ളി സ്വകാര്യ യാർഡിൽ വാട്ടർ ടാക്സിയുടെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ വാട്ടർ ടാക്സി ആലപ്പുഴയിലാണ് ആദ്യഘട്ടത്തില്‍ സർവീസ് നടത്തുന്നത്.

ജലഗതാഗത വകുപ്പ് സംസ്ഥാനത്ത് നാല് വാട്ടർ ടാക്സി ബോട്ടുകളാണ് നിർമ്മിക്കുന്നത്. ഒരു വാട്ടർ ടാക്സി നിർമിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്. കൂടുതൽ സുരക്ഷാ സംവിധാനത്തോട് കൂടി ഇറക്കുന്ന ബോട്ടിൽ 10 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) ലാണ് വേഗം. സ്വീഡനിൽ നിന്ന് എത്തിച്ച പ്രത്യേക എൻജിനാണ് വാട്ടര്‍ ടാക്സിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാട്ടര്‍ ടാക്സി ആവശ്യപ്പെടുന്നതനുസരിച്ച് സർവീസ് നടത്തും. പ്രത്യേക മൊബൈൽ നമ്പർ വഴി ബുക്ക് ചെയ്യാം. മണിക്കൂറിനാണ് ചാർജ് ഈടാക്കുന്നത്. വിളിക്കുന്ന സ്ഥലത്തെത്തി, യാത്രക്കാരെ കയറ്റി അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ വാട്ടര്‍ ടാക്സിക്ക് കഴിയുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു.

( രാജ്യത്തെ ആദ്യ സാര്‍ക്കാര്‍ വാട്ടര്‍ ടാക്സി )
click me!