നിക്ഷേപത്തിന് വൻ വാഗ്ദാനം. പലിശയല്ല, മുതലും കൊടുത്തില്ല, അനന്തപുരി നിധിയടക്കം നാല് സ്ഥാപനങ്ങൾക്ക് മുട്ടൻ പണി

By Web TeamFirst Published Feb 7, 2024, 9:28 PM IST
Highlights

അമിത പലി വാഗ്ദാനം, ഒന്നും നടന്നില്ല, കൊടുത്തതും പോയി, തൃശൂരിൽ അനന്തപുരി നിധിയടക്കമുള്ളവയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്
 

തൃശൂര്‍: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതിരുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ബഡ്‌സ് ആക്ട് 2019 നിയമത്തിന് വിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാക്കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവനന്തപുരം ജില്ലയിലെ ശ്രീ അനന്തപുരി നിധി ലിമിറ്റഡ്, കണ്ടല സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, എമിറേറ്റ്‌സ് ഗോള്‍ഡ് സോക്ക്, എറണാക്കുളത്തെ അന്‍വി ഫ്രഷ് പൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും, താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിന് നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.

Latest Videos

പ്രതികളുടെ തൃശൂര്‍ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും കണക്കാക്കി, കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുക്കളുടെ മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും. ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുക്കളുടെ തുടര്‍ന്നുള്ള വില്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും.
പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയാറാക്കി കലക്‌ട്രേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറും.

പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകളടക്കമുള്ള ഇടങ്ങളിൽ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കാന്‍ തൃശൂര്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ഉത്തരവ് ജില്ലയില്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് തൃശൂര്‍ സിറ്റി /റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല.

ബഡ്‌സ് ആക്ട് 2019 സെക്ഷന്‍ 14 (1) പ്രകാരം താല്‍ക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്‌നേറ്റഡ് കോടതി മുമ്പാകെ സമയബന്ധിതമായി ഹര്‍ജി ഫയല്‍ ചെയ്യുകയും, കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്‌ട്രേറ്റില്‍ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; നിക്ഷേപിച്ച പണത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!