അതി ദരിദ്രരുടെ പട്ടികയിലുള്ള വയോധികയുടെ വീട് കത്തി നശിച്ചു

By Web Team  |  First Published Dec 4, 2024, 7:37 AM IST

തീപിടിത്തത്തിൽ വീടിൻ്റെ അടുക്കളമുറിയും സാധന സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു.


ആലപ്പുഴ: അതി ദരിദ്രരുടെ പട്ടികയിലുള്ള വയോധികയുടെ വീട് കത്തി നശിച്ചു. മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് തറയിൽ ജാനകി (97)യുടെ ‌വീടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് തീപിടിത്തത്തിൽ നശിച്ചത്. സംഭവത്തിൽ ആളപായമില്ല. കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 

കല്ല് കെട്ടി ഓട് മേഞ്ഞിരുന്ന രണ്ട് മുറികളുള്ള വീടിൻ്റെ അടുക്കളമുറിയും സാധന സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു. ജാനകിയും മകൾ പത്മിനിയുമായിരുന്നു ഇവിടെ താമസം. സംഭവ സമയം ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ, പഞ്ചായത്തംഗങ്ങളായ വി.പ്രകാശ്, ശോഭ സജി അസി.സെക്രട്ടറി ജയകുമാർ, വില്ലേജ് ഓഫീസർ ഹരികുമാർ, ഉദ്യോഗസ്ഥനായ ബി.വിനോദ് എന്നിവർ സ്ഥലത്തെത്തി. ഇവരെ ബന്ധു വീട്ടിലേയ്ക്ക് മാറ്റുകയും ഗ്രാമപഞ്ചായത്തിൻ്റെ അടിയന്തിര സഹായം നൽകുകയും ചെയ്തു.  

READ MORE:  അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

click me!