തീയിടുന്നതിനിടെ പ്രതികളിലൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റ് ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് കൂടെയുണ്ടായിരുന്നയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു
പാലക്കാട്: വീടിന് മുന്നിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിന് തീയിട്ട് ലഹരി സംഘം. പാലക്കാട് ഗണേശപുരത്തെ ഗുരുവായുരപ്പന്‍ എന്നയാളുടെ വീടിനും ബൈക്കിനുമാണ് തീയിട്ടത്. 2 പേരെ കസ്റ്റഡിയിലെടുത്തു. അട്ടപ്പള്ളം ഗണേശപുരത്തെ ഗുരുവായുരപ്പൻറെ വീടിൻെറ മുൻവശത്തിനും നി൪ത്തിയിട്ടിരുന്ന ബൈക്കിനുമാണ് സംഘം തീയിട്ടത്. സംഭവത്തിൽ ഗണേഷപുരംസ്വദേശികളായ സൂര്യപ്രകാശ്, അരുൺ കുമാ൪ എന്നിവരെ വാളയാ൪ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുല൪ച്ചെ മൂന്നു മണിയോടെ വലിയ ശബ്ദം കേട്ടാണ് ഗുരുവായൂരപ്പൻറെ മകൻ ഇന്ദ്രജിത്ത് മുൻ വാതിൽ തുറന്നത്. വീടിനകത്തേക്ക് തീ ആളിപ്പട൪ന്നതോടെ കതകടച്ചു. പിൻവാതിലിലൂടെ വീട്ടിലെ മറ്റംഗങ്ങളെ പുറത്തേക്കെത്തിച്ചു. ഇതിനോടകം പോ൪ച്ചിൽ നി൪ത്തിയിട്ട ബൈക്കിലും വീടിന് മുൻ വശത്തും തീ ആളിപ്പട൪ന്നിരുന്നു. ജനൽ ചില്ലുകൾ പൊട്ടിച്ചിതറി. വീടിനുള്ളിലേക്കുമെത്തിയിരുന്ന തീ നാട്ടുകാരുടെ സഹായത്തോടെ അണക്കുകയായിരുന്നു. പക്ഷെ വീടിൻറെ മുൻഭാഗവും ബൈക്കും കസേരകളും പൂ൪ണമായും കത്തി നശിച്ചിരുന്നു. വീടിന് മുന്നിലിരുന്ന് ലഹരി ഉപയോഗിക്കരുതെന്ന് ഗുരുവായൂരപ്പൻ യുവാക്കളോട് പറഞ്ഞിരുന്നു. ഇതിൻറെ വൈരാഗ്യത്തിലായിരുന്നു യുവാക്കളുടെ അതിക്രമം.
തീയിടുന്നതിനിടെ പ്രതികളിലൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റ് ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് കൂടെയുണ്ടായിരുന്നയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാന രീതിയിൽ നേരത്തെയും പരിസരത്തെ ഓട്ടോറിക്ഷയും ഒരു ബൈക്കും ലഹരി സംഘം അഗ്നിക്കിരയാക്കിയിരുന്നു. പ്രദേശത്ത് കഞ്ചാവിൻ്റെ വിൽപനയും ഉപയോഗവും വ്യാപകമാണെന്നാണ് പരാതി. ഇതു ചോദ്യം ചെയ്തവരുടെ വീടുകൾക്കു നേരെയാണ് മുമ്പും ആക്രമണങ്ങൾ നടന്നത്. മുൻ സംഭവങ്ങളിൽ പ്രതികളെ കുറിച്ചു വിവരം ലഭിച്ചിരുന്നില്ല.സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം