കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിനുള്ളില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി; പാഞ്ഞെത്തി രക്ഷിച്ച് അഗ്‌നിരക്ഷാസേന

By Web Desk  |  First Published Jan 15, 2025, 6:26 PM IST

ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 

Hand of a worker stuck inside concrete mixing machine Rescued by fire and rescue team

കോഴിക്കോട്: കോണ്‍ക്രീറ്റ് മിക്‌സിംഗ് യാന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി. കോഴിക്കോട് നന്‍മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ്(51) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടോടെ താഴെ ഓമശ്ശേരിയിലാണ് സംഭവം നടന്നത്.

ഓമശ്ശേരി - കൊടുവള്ളി റോഡിന്റെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിക്ക് എത്തിയതായിരുന്നു റഫീഖും സംഘവും. ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ റഫീഖ് വൃത്തിയാക്കുകയായിരുന്നു. അതിനിടയില്‍ യന്ത്രത്തിന്റെ റൊട്ടേറ്റിംഗ് വീലിന്റെ പല്‍ചക്രത്തിനുള്ളില്‍ കൈ കുടുങ്ങിപ്പോയി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 

Latest Videos

സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് റഫീഖിനെ രക്ഷപ്പെടുത്തി. മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം റഫീഖിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ എം സി സജിത്ത് ലാല്‍, കെ അഭിനേഷ്, ജി ആര്‍ അജേഷ്, എം കെ അജിന്‍, എന്‍ ശിനീഷ്, അനു മാത്യു, ശ്യാം കുര്യന്‍, ജോളി ഫിലിപ്പ്, കെ എസ് വിജയകുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

READ MORE: എക്സൈസ് പരിശോധന; പാലക്കാട് രണ്ടിടങ്ങളിൽ നിന്ന് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image