തലവേദനക്ക് കുത്തിവെപ്പെടുത്ത 7വയസുകാരന്‍റെ കാൽ തളർന്നെന്ന പരാതി, ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി

By Web Team  |  First Published Dec 17, 2023, 11:04 AM IST

കുട്ടിയും, അമ്മയും ആശുപത്രിയിലേക്ക് ചികിത്സക്കെത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ്


തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്‍റെ കാല് തളർ​ന്നെന്ന പരാതിയിൽ ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി. ഗുരുവായൂർ എസിപി കെ ജി സുരേഷാണ് അന്വേഷണം തുടങ്ങിയത്. ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന് കുത്തിവയ്പ്പ് നൽകിയതിനെ തുടർന്ന് ഇടതുകാലിന് തളർച്ച ബാധിച്ചെന്നാണ് പരാതി. താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. കുട്ടിയും, അമ്മയും ആശുപത്രിയിലേക്ക് ചികിത്സക്കെത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വിശദമാക്കി.

ആശുപത്രിയിലേക്ക് നടന്നുവന്ന കുട്ടി തിരിച്ചുപോകുമ്പോൾ നടക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ഷീജ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി ആരോപണ വിധേയയായ ഡോക്ടറെ ജോലിയിൽ നിന്നു നീക്കിയിരുന്നു. കുത്തിവയ്പ്പ് നടത്തിയ പുരുഷ നഴ്സിനെ നേരത്തെ ജോലിയിൽ നിന്നു മാറ്റി നിർത്തിയിരുന്നു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ(ഏഴ്) ഇടതുകാലിനാണ് നടക്കാൻ കഴിയാത്ത വിധം തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം. പാലയൂർ സെന്‍റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്നാണ് ഉമ്മ ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി. കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന്​ പോയെന്നും ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നത്. പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു.

Latest Videos

undefined

എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. കൈയിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്‍റ് നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് ഇവരെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ രക്ഷിതാക്കൾ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അഭിപ്രായപ്പെട്ടതായാണ് പരാതിക്കാർ പറയുന്നത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കൾ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!