വെറുതെ പണി വാങ്ങല്ലേ, വലിയ പിഴയടക്കേണ്ടി വരും! മുന്നറിയിപ്പ് ബോര്‍ഡിന് സമീപം തന്നെ മാലിന്യം തള്ളി, 10,000 പിഴ

By Web TeamFirst Published Oct 18, 2024, 6:52 PM IST
Highlights

പ്രദേശത്ത് മാലിന്യം തള്ളുന്നതും സാമൂഹ്യവിരുദ്ധ ശല്യവും പതിവായതോടെ പ്രദേശവാസികള്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്ത് തന്നെയാണ് മാലിന്യം തള്ളിയിരുന്നത്

കോഴിക്കോട്: മാലിന്യം തള്ളരുതെന്ന് സൂചിപ്പിച്ച് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്തായി മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ അടപ്പിച്ച് അധികൃതര്‍. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡില്‍ ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ സംഭവത്തില്‍ കൂടരഞ്ഞി കൊല്ലാപ്പിള്ളില്‍ സ്വദേശി അഖില്‍ കുര്യനെതിരെയാണ് നടപടി സ്വീകരിച്ചത്.  10000 രൂപയാണ് പിഴ അടപ്പിച്ചത്.

മാലിന്യം തള്ളിയ സ്ഥലം പഴയപടിയാക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ്  റോഡരികിലെ വിജനമായ സ്ഥലത്ത് മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ മാലിന്യം പരിശോധിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചിരുന്നില്ല. 

Latest Videos

പിന്നീട് പ്രദേശവാസികള്‍ തന്നെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് അഖില്‍ കുര്യനാണെന്ന് ബോധ്യമായത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ അനുദിനം ഉപയോഗിക്കുന്ന വഴിയാണിത്. പ്രദേശത്ത് മാലിന്യം തള്ളുന്നതും സാമൂഹ്യവിരുദ്ധ ശല്യവും പതിവായതോടെ പ്രദേശവാസികള്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്ത് തന്നെയാണ് മാലിന്യം തള്ളിയിരുന്നത്.  കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ ഓഫീസര്‍ ആര്‍ നന്ദകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി സജിത്ത്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിയാ റഹ്‌മാന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഉരച്ച് നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെ, ഉരുക്കിയപ്പോൾ മാറി; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!