ഗംഗാധരൻ കിടപ്പുമുറിയിൽ എത്തിയ ശേഷം മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാൽ പാട്ട് നിർത്തിയിരുന്നില്ല.
മൂന്നാർ: ഇടുക്കി രാമക്കൽമേട്ടിൽ രാത്രിയിൽ മദ്യപിച്ചെത്തി ഉച്ചത്തിൽ പാട്ടു വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛനെ റിമാൻഡ് ചെയ്തു. രാമക്കൽമേട് ചക്കകാനം സ്വദേശി 54 കാരനായ പുത്തൻ വീട്ടിൽ ഗംഗധരൻ നായർ ആണ് മരിച്ചത്. അച്ഛൻ രവീന്ദ്രൻ നായരാണ് മകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാൻ പോയി. ഗംഗാധരൻ കിടപ്പുമുറിയിൽ എത്തിയ ശേഷം മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാൽ പാട്ട് നിർത്തിയിരുന്നില്ല. രവീന്ദ്രൻ പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും മകൻ കേൾക്കാതെ വന്നതോടെ, മുറിയിൽ എത്തിയ പിതാവ് കാപ്പി വടിക്ക് മകന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗംഗാധരന്റെ തലയിൽനിന്നും രക്തം വാർന്നാണ് മരിച്ചത്. കുറച്ച് സമയത്തിന് ശേഷം അയൽവാസികളെ മകൻ ബോധം കെട്ടു വീണു എന്ന് അച്ഛൻ അറിയിച്ചു. മുറ്റത്ത് മെറ്റലിൽ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താൻ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിർണായകമായത്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതോടെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : 'വാഹനത്തിൽ രക്തക്കറ, ചെരിപ്പ് റോഡിൽ'; ലോറി ഡ്രൈവർ ഹാഷിഫ് വീട്ടിൽ നിന്നിറങ്ങിയത് പുലർച്ചെ, മരണത്തിൽ ദുരൂഹത