ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈ വിരലുകൾക്ക് സാരമായി പരിക്ക് പറ്റി.
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ശാർക്കര സ്വദേശി ഷാജഹാൻ(28 ), മുട്ടത്തറ സ്വദേശി നിസ്സാം(25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 0.6 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ പ്രതികളുടെ പങ്കാളികൾ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടു.
തുടർന്ന് കഠിനംകുളം പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈ വിരലുകൾക്ക് സാരമായി പരിക്ക് പറ്റി. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ രാജേഷ്.കെ.ആർ, ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ, വൈശാഖ്, അജാസ്, റിയാസ് എന്നിവരും കേസെടുത്ത എക്സൈസ് പാർട്ടിലുണ്ടായിരുന്നു.
അതിനിടെ കഴിഞ്ഞ ദിനസം ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. നിർമ്മൽ ബിഷോയി(35 വയസ്), നാരായൺ ബിഷോയ്(27 വയസ്) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ്.വി.പി യുടെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.
Read More : കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിനുള്ളില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി; പാഞ്ഞെത്തി രക്ഷിച്ച് അഗ്‌നിരക്ഷാസേന