രണ്ട് കിലോയോളം തുക്കമുള്ള പേരയ്ക്ക; ക‍ൃഷി നഷ്ടമോ? സ്വന്തം തോട്ടം ചൂണ്ടികാട്ടി എമിലി ടീച്ചർക്ക് പറയാനേറെ

By Web TeamFirst Published May 4, 2022, 5:29 PM IST
Highlights

പേരയ്ക്കായുടെ ഭാരം ഇനിയും കൂടുമെന്നാണ് എമിലി ടീച്ചറുടെയും ഭർത്താവ് കെ ജി നെൽസന്‍റെയും പക്ഷം

മുഹമ്മ: കൃഷി നഷ്ടമാണെന്ന് പറയുന്നവരെ ചെറിയൊരു പരിഹാസത്തോടെയാണ് എമിലി മേഴ്സി നോക്കുന്നത്. അർത്തുങ്കൽ കാക്കരിയിൽ കെ ജി നെൽസന്‍റെ ഭാര്യയും അർത്തുങ്കൽ സെന്‍റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ എമിലി മേഴ്സി കാർഷിക മേഖലയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ടീച്ചറുടെ വീട്ടിലെ പേര മരത്തിൽ വിളഞ്ഞു കിടക്കുന്ന പേരയ്ക്കാകളുടെ തൂക്കം ഏറക്കുറെ രണ്ട് കിലോയ്ക്കടുത്ത് വരും. മിക്കവാറുമെല്ലാ പേരയ്ക്കകളും ഒരു കിലോയ്ക്ക് മുകളിൽ തുക്കമുണ്ടാകും. ഒരു കിലോ 80 ഗ്രാം തൂക്കമുള്ള പേരയ്ക്കായാണ് നിലവിലെ താരം.

പേരയ്ക്കായുടെ ഭാരം ഇനിയും കൂടുമെന്നാണ് ടീച്ചറുടെയും ഭർത്താവ് കെ ജി നെൽസന്‍റെയും പക്ഷം. പേരമരങ്ങൾ ഈ വിധം കായ്ക്കുമെങ്കിൽ കൃഷി എങ്ങനെ നഷ്ടമാകുമെന്നാണ് അവർ ചോദിക്കുന്നത്. കൃഷിയുടെ സാധ്യതളിലേയ്ക്ക് യുവതലമുറ കടന്നു വരണമെന്നും അവർ പറയുന്നു. അഞ്ച് വർഷം മുൻപ് അർത്തുങ്കൽ തിരുനാളിനാണ് നെൽസൻ പേര തൈ വാങ്ങിയത്. തിരുനാളിനോടനുബന്ധിച്ച് പട്ടണക്കാടുള്ള നാഴ്സറിക്കാർ തുടങ്ങിയ വിൽപ്പന സ്റ്റാളിൽ നിന്നാണ് മറ്റ് വൃക്ഷ തൈകൾക്കൊപ്പം പേര തൈ വാങ്ങിയത്. ഇപ്പോൾ എല്ലാവർഷവും സ്വാദേറിയ പേരയ്ക്കാകൾ ലഭിയ്ക്കുന്നു. വീട്ടിലെ ആവശ്യത്തിന് പുറമെ ബന്ധുക്കളെ കാണാൻ പോകുമ്പോഴും സമ്മാനമായി കൊണ്ടു പോകുന്നു.

Latest Videos

അർത്തുങ്കൽ ബസിലിക്കയിലെ ട്രസ്റ്റിയായിരുന്ന നെൽസൻ അർത്തുങ്കൽ സെന്‍റ് ഫ്രാൻസിസ് അസിസി ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ക്ലർക്കായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കാർഷിക മേഖലയിലേയ്ക്ക് ശ്രദ്ധയൂന്നിയത്. അവിടെ തന്നെ അധ്യാപികയായിരുന്നു ഭാര്യ എമിലി മേഴ്സി. റിട്ടയർമെന്‍റിന് ശേഷം ഇരുവരും കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി. വാഴയും പച്ചക്കറിയിനങ്ങളുമാണ് തോട്ടത്തിൽ ഏറേ ഉള്ളത്.

click me!