'100 രൂപക്കടിച്ച പെട്രോള്‍ അളവില്‍ കുറവ്'; 7 പേർ സംഘടിച്ചെത്തി പമ്പ് ജീവനക്കാരെ മർദിച്ചെന്ന് പരാതി

By Web TeamFirst Published Dec 17, 2023, 2:24 PM IST
Highlights

പമ്പ് മാനേജര്‍ റിയാസിന്റെ സഹോദര പുത്രി ഒന്നര വയസ്സുകാരിയായ ഇനയ മറിയത്തിനും പരിക്കേറ്റെന്ന് പരാതിയില്‍ പറയുന്നു.

കല്‍പ്പറ്റ: പെട്രോള്‍ അടിച്ചപ്പോള്‍ അളവ് കുറഞ്ഞ് പോയെന്ന് ആരോപിച്ച് തുടങ്ങിയ തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതായി പരാതി. പനമരം കരിമ്പുമ്മലിലെ പെട്രോള്‍ പമ്പിലാണ് കഴിഞ്ഞ ദിവസം അടിപിടിയുണ്ടായത്. പമ്പ് മാനേജര്‍ കെ റിയാസ്, ജീവനക്കാരനായ കെ ബി ബഗീഷ് എന്നിവര്‍ക്കാണ് ഓഫീസില്‍വെച്ച് മര്‍ദനമേറ്റത്. 

സംഭവ സമയം ഓഫീസിലുണ്ടായിരുന്ന റിയാസിന്റെ സഹോദര പുത്രി ഒന്നര വയസ്സുകാരിയായ ഇനയ മറിയത്തിനും പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. മേശയോട് ചേര്‍ന്നുള്ള കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിക്ക് സംഘര്‍ഷ സമയത്ത് മേശക്കും കസേരയ്ക്കുമിടയില്‍ കുടുങ്ങി പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെയും ബഗീഷിനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. 

Latest Videos

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച സ്‌കൂട്ടറില്‍ അടിച്ച നൂറ് രൂപയുടെ പെട്രോള്‍ അളവില്‍ കുറഞ്ഞുപോയെന്ന പരാതിയുമായെത്തിയ സംഘം ഓഫീസ് മുറിയില്‍വെച്ച് ആക്രമിക്കുകയായിരുന്നെന്ന് മാനേജര്‍ റിയാസ് പറഞ്ഞു. കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴു പേരാണ് മര്‍ദിച്ചത്. രണ്ടു കാറിലും ഒരു ജീപ്പിലും ബൈക്കുകളിലും ആളുകള്‍ സംഘടിച്ചെത്തി കുറച്ചുപേര്‍ ഓഫീസിനകത്തും മറ്റുള്ളവര്‍ പുറത്തും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പനമരം പൊലീസ് അന്വേഷണം തുടങ്ങി.

click me!