തൃശൂര്‍ മേയര്‍ ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി, ഭൂരിപക്ഷം നഷ്ടപ്പെട്ട മേയര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Jul 8, 2024, 7:55 PM IST
Highlights

മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്ന് വഅദ്ദേഹം ആവശ്യപ്പെട്ടു. 

തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ. ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന മേയറുടെ നടപടിയാണ് കാരണം. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്ന് വഅദ്ദേഹം ആവശ്യപ്പെട്ടു. 

മേയറുടെ ബിജെപി. അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണ് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മേയര്‍ക്കെതിരേ സിപിഐയും ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന വിഎസ്. സുനില്‍കുമാറും ഇത്തരത്തില്‍ ആരോപണമുന്നയിച്ചിരുന്നു. വികസന രാഷ്ര്ടീയത്തിന്റെ പേരു പറഞ്ഞാണ് ബിജെപിയോടുള്ള മേയറുടെ അനുഭാവം. 

Latest Videos

ഇതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ എല്‍ഡിഎഫിനും നേതൃത്വം നല്‍കുന്ന സിപിഎമ്മിനുമാവുന്നില്ലെന്നാണ് ആരോപണം. അതേസമയം സിപിഎമ്മിനൊപ്പമാണ് താനെന്നാണ് മേയറുടെ വാദം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചതും അന്ന് മേയര്‍ നടത്തിയ പ്രശംസയും ചര്‍ച്ചയായിരുന്നു. സിപിഎംഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീര്‍ത്തനവുമായി രംഗത്തെത്തിയത്.

എംകെ വര്‍ഗീസിന്റെ ഒറ്റയാള്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കോര്‍പ്പറേഷന്‍ ഭരണത്തിനുള്ളത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നു അറിയാവുന്നതുകൊണ്ടാണ് സിപിഐ വിമര്‍ശനം സിപിഎം മുഖവിലയ്ക്കെടുക്കാത്തത്. എന്നാല്‍ സിപിഐ അംഗങ്ങള്‍ പിന്‍മാറാന്‍ തീരുമാനിച്ചാല്‍ ഭരണം കൈയില്‍നിന്നു പോകും. പിന്തുണ പിന്‍വലിക്കുന്ന കാര്യം ചിന്തിട്ടില്ല. ഇതിനിടെ പുതിയ മേയറെ സംബന്ധിച്ച ചര്‍ച്ചയും സജീവമായിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹവും ശക്തമാണ്. 

ഭൂരിപക്ഷം നഷ്ടപ്പെട്ട മേയര്‍ ഉടന്‍ രാജിവെക്കണം: പ്രതിപക്ഷ നേതാവ്

സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് മേയര്‍ എംകെ. വര്‍ഗീസിനോട് രാജിവെക്കാന്‍ പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സിപിഐയുടെ പിന്തുണ മേയര്‍ക്ക് നഷ്ടപ്പെട്ടതായി പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്‍. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയര്‍ ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഴിമതികൊണ്ടും കെടുകാര്യസ്ഥതകൊണ്ടും മുന്നോട്ടുപോയിരുന്ന മേയറെ തൊഴുത് മനംമടുത്ത് സഹികെട്ട് മുന്നോട്ടുപോയിരുന്ന സിപിഐ.

 കൗണ്‍സിലര്‍മാര്‍ക്കും സിപിഐ. ജില്ല നേതൃത്വത്തിനും വൈകിയാണെങ്കിലും വിവേകം വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ സിപിഐയുടെ തീരുമാനത്തിന് പുല്ലുവിലപോലും സിപിഎം ജില്ലാ നേതൃത്വം നല്‍കിയില്ല. എല്‍ഡിഎഫിലെ മുഴുവന്‍ ഘടകകക്ഷികളും എതിര്‍ത്താലും സിപിഎം ബിജെപി ബാന്ധവത്തിന് മേയറെ ചേര്‍ത്തുപിടിക്കുമെന്നും രാജന്‍ ആരോപിച്ചു. സുരേഷ് ഗോപി മുഖേന ബിജെപിക്ക് പരസ്യമായി പിന്തുണ നല്‍കുന്ന മേയര്‍ എംകെ വര്‍ഗീസിനെ ചുമക്കേണ്ട ഗതികേടാണ് സഖാക്കള്‍ക്കുള്ളതെന്നും മൂന്നരവര്‍ഷം നടത്തിയ എല്ലാ അഴിമതികളുടെയും പങ്കുപറ്റിയ സിപിഎം. ജില്ലാ നേതൃത്വത്തിന് മേയറെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

തൃശ്ശൂർ മേയർ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി; ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!