ആലപ്പുഴ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും സെമിത്തേരികളിൽ ഇത്തരത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം നടക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം.
ആലപ്പുഴ: കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ മാതൃകാപരമായ നടപടിയുമായി ലത്തീൻ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിയാണ് ത്രേസ്യാമ്മ. വൃക്കരോഗത്തിന് ചികിത്സയിലായിരിക്കെ ഇന്നലെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് ഇവർ മരിച്ചത്. മരണശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
undefined
ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വൈദികരുടെ സംഘവുമുണ്ടായിരുന്നു. ഇപ്പോൾ ഇടവക സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം. നിലവിൽ ആലപ്പുഴയിൽ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്.
അതേസമയം, കൊവിഡ് മൂലം സഭാംഗങ്ങൾ മരിച്ചാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരുടെ മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കം ചെയ്യാമെന്ന് സിഎസ്ഐ സഭയും തീരുമാനിച്ചിട്ടുണ്ട്. മധ്യകേരളം മഹാ ഇടവക ബിഷപ്പ് തോമസ് കെ ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് വയോധികന്‍റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സിഎസ്ഐ സഭയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.
Read more at: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു