കാണിപ്പയ്യൂരിലെ അടച്ചിട്ട വീട് പതിയെ വെളിപ്പിച്ചെടുത്ത് മോഷ്ടാക്കൾ! ഐപാഡും ഫോണും ടിവിയും ലാപ്ടോപ്പും ഫാനും ഗേറ്റ് വരെ പോയി
തൃശൂര്‍: കാണിപ്പയ്യൂരില്‍ വര്‍ഷങ്ങളായി അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ച. വീട്ടിലെ കട്ടിലും ഗേറ്റും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവരുകയും വീട്ടില്‍ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കാണിപ്പയ്യൂര്‍ പെലക്കാട് പയ്യൂര്‍ റോഡില്‍ ചാത്തനങ്ങാട്ടില്‍ വീട്ടില്‍ സുശീല കുമാരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലും പൂട്ടും തകര്‍ത്തശേഷം വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
വീടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വെട്ടുകത്തികള്‍, ഉളി, ഇരുമ്പ് പൈപ്പുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഇവ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി സുശീലയും കുടുംബവും വലപ്പാടുള്ള ബന്ധുവീട്ടിലാണ് താമസം. രണ്ടുമാസത്തില്‍ ഒരിക്കല്‍ ബന്ധുക്കള്‍ വീട് നോക്കാനായി വരാറുണ്ട്. കഴിഞ്ഞ മാസം 21ന് പറമ്പിലെ പണിക്കാരിയായ സ്ത്രീ റോഡിലൂടെ നടന്നുപോകുമ്പോളാണ് വീടിന്റെ മുന്‍വശത്തെ ഗ്രില്ല് തുറന്നുകിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് വീട്ടുകാരെ വിവരമറിക്കുകയായിരുന്നു. വീട്ടുകാര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ച ഐഫോണ്‍, നടരാജ വിഗ്രഹം, കോഡ്‌ലെസ് ഫോണ്‍, ഐപാഡ്, ഏഴ് ഓട്ടുവിളക്കുകള്‍, മൂന്ന് ഉരുളികള്‍, പ്രിന്റര്‍, ലാപ്‌ടോപ്, ഫാന്‍, ഇരുമ്പ് പൈപ്പ്, വിവിധ രാജ്യങ്ങളില്‍നിന്നും ശേഖരിച്ച നാണയത്തുട്ടുകള്‍, ശ്രീകൃഷ്ണ വിഗ്രഹം, ടിവി സ്റ്റാന്‍ഡ്, ഇരുമ്പ് കട്ടില്‍, വീടിന്റെ പുറകുവശത്തെ ഗേറ്റ് എന്നിവ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അടച്ചിട്ട വീടായതിനാല്‍ വളരെ സമയമെടുത്ത് ആസൂത്രിതമായാണ് കവര്‍ച്ചയും സാധനങ്ങള്‍ കൊണ്ടുപോകലും നടത്തിയിട്ടുള്ളത്.
undefined
വീട്ടുകര്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘംവും തൃശൂരില്‍നിന്നുള്ള വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി സി സി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം