ചോളത്തണ്ട് നിരോധനം നന്ദിനിക്ക് വേണ്ടിയോ? ഉൽപാദന ചെലവ് കുറച്ച് കേരളത്തിലെ പാൽ വിപണി പിടിച്ചെടുക്കാന്‍ നീക്കം

By Web TeamFirst Published Dec 6, 2023, 10:35 AM IST
Highlights

പാൽ ഉൽപാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി ചോളത്തിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കാനാണ് കർണാടകത്തിന്റെ ശ്രമം

കല്‍പ്പറ്റ:വരൾച്ചയുടെ മറവിൽ കർണാടകം ഏർപ്പെടുത്തിയ ചോളത്തണ്ട് കയറ്റുമതി നിയന്ത്രണം നന്ദിനിക്ക് വേണ്ടിയെന്ന് ആരോപണം ശക്തമാകുന്നു. കേരളം ഉയർന്ന തുകയ്ക്ക് ചോളത്തണ്ട് വാങ്ങുന്നതിനാൽ കര്‍ണാടകത്തിലെ ക്ഷീര കർഷകരും സമാന വില നൽകേണ്ടി വരുന്നുണ്ട്. ഇതിനാൽ തന്നെ കർണാടകയിലെ പാലുൽപാദനത്തിന്റെയും ചിലവ് കൂടുതലാണ്. പാൽ ഉൽപാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി ചോളത്തിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കാനാണ് കർണാടകത്തിന്റെ ശ്രമം. ഇതിന്റെ ഭാ​ഗമായാണ് ചോളത്തണ്ട് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കർഷകർ പറയുന്നത്.

കർണാടകത്തിലെ 195 താലൂക്കുകളെ വരൾച്ചാ ബാധിത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വയനാടുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപ്പേട്ട, എച്ച് ഡി കോട്ട താലൂക്കുകളും അതിൽ ഉൾപ്പെടും. ഇവിടങ്ങളിലെ കന്നുകാലികളുടെ സംരക്ഷണം മുൻനിർത്തി, ഇതര സംസ്ഥാനങ്ങളിലേക്കുളള ജൈവ കാലിത്തീറ്റ കയറ്റുമതി നിരോധിക്കുന്നു എന്നതാണ് കർണാടക സർക്കാരിൻ്റെ ഉത്തരവ്.മന്ത്രിസഭ ഉപസമിതിയുടെ നിർദേശത്തിന്മേലുള്ള നയപരമായ തീരുമാനമാണെന്ന് പറയുമ്പോഴും നിരോധനം നന്ദിനിക്ക് വേണ്ടിയെന്നാണ് മറുഭാ​ഗത്തുനിന്നുയരുന്ന വിമർശനം.

Latest Videos

കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി കേരള വിപണിയിൽ സജീവമാകാൻ നേരത്തെ മുതൽ പലതരത്തിലുള്ള ശ്രമം നടത്തുന്നുണ്ട്. പലയിടത്തും ഇതിനോടകം നന്ദിനി പാൽ ഉൽപന്നങ്ങളുടെയും പാലിന്റെയും ഔട്ട് ലെറ്റും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കുറഞ്ഞ വിലയിൽ നൽകാനാവാത്തതിനാൽ തന്നെ മിൽമയുമായി കാര്യമായി മത്സരിക്കാനാകുന്നില്ല.കുറഞ്ഞ വിലയിൽ നന്ദിനി പാൽ വിപണിയിൽ  എത്തിയാലേ മത്സരിക്കാനാകൂ. അതിന് കർണാടകത്തിലെ പാൽ ഉദ്പാനച്ചെലവ് കുറയുകയും കേരളത്തിലെ ഉദ്പാദനച്ചെലവ് കൂടുകയും വേണമെന്നും ഇതിന്റെ ഭാ​ഗമായാണ് പുതിയ നിയന്ത്രണമെന്നും കർഷകൻ വർ​ഗീസ് പറയുന്നു.

ഇവിടെ ചോളത്തണ്ട്  പത്തോ നൂറോ കിലോയാണ് കർഷകർ വാങ്ങുന്നത്. അതുകൊണ്ടെങ്ങനെ ‌ലാഭമുണ്ടാകില്ലെന്നും കേരളത്തിലേക്ക് കയറ്റി അയക്കുന്നതാണ് ലാഭമെന്നും കർണാടകത്തിലെ ചോളം കർഷകൻ രമേശ് പറയുന്നു. രമേശ് പറയുംപോലെ, ചോളം വലിയ തോതിൽ, ഉയർന്ന വില നൽകിയാണ് കേരളം വാങ്ങുന്നത്. അതിനാൽ തന്നെ കേരളത്തിന് ചോളത്തണ്ട് കൊടുക്കുന്നതിനാണ് കർഷകർക്ക് താൽപ്പര്യം.
ഇതോടെ, കർണാടകത്തിലെ ക്ഷീര കർഷകർക്ക് കുറഞ്ഞ ചെലവിൽ ചെറിയ അളവിൽ ചോളം കിട്ടാതായി. അവിടെ പാൽ ഉൽപാദനച്ചെലവ് കൂടി.

വേനലെത്തിയാൽ, ചോളത്തിന് വീണ്ടും വിലകൂടും. അതോടെ, ഉദ്പാനച്ചെലവ് ഇനിയും ഉയരും. നന്ദിനിക്ക് പാലളക്കുന്ന ക്ഷീരസഹകരണ സംഘങ്ങളെയും ഇത് ബാധിക്കും. അവരെ രക്ഷിക്കാൻ ചോളത്തിൻ്റെ ലഭ്യത കൂട്ടണം. അതിന് കേരളത്തിലേക്ക് ചോളമെത്തരുത്. ചോളത്തണ്ട് വാങ്ങാൻ ആള് കുറഞ്ഞാൽ, വില കുറയും. കുറഞ്ഞ വിലയ്ക്ക് ക്ഷീരകർഷകർക്ക് ചോളത്തണ്ട് നൽകാനുമാകും. കുറഞ്ഞ ചെലവിൽ നന്ദിനിക്ക് പാലും ലഭിക്കും. ഇതാകും നിയന്ത്രണത്തിൻ്റെ അനന്തര ഫലം. അതേസമയം, ചോളത്തണ്ട് ലഭ്യത കുറയുന്നതോടെ കേരളത്തിൽ പാൽ ഉൽപാദനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. ഇതോടെ, നന്ദിനിയുടെ കേരളം പിടിക്കാനുള്ള നീക്കം കൂടുതൽ പച്ചപിടിക്കും.

പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വാദി നേതാവ്

 

click me!