സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ദിവസവും നൂറ് കണക്കിന് ആളുകളാണ് വിവിധ കേസുകളുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഇവിടെ എത്തുന്നത്.
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ വ്യവഹാരത്തിനെത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പരാതി. മണിക്കൂറുകള്‍ നീളുന്ന കോടതി നടപടിക്രമങ്ങള്‍ക്കിടെ അത്യാവശ്യമായി ആര്‍ക്കെങ്കിലും ശുചിമുറി ഉപയോഗിക്കേണ്ടി വന്നാല്‍ 5, 10 രൂപ നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നതെന്നും പരാതിക്കാർ പറയുന്നു.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ദിവസവും നൂറ് കണക്കിന് ആളുകളാണ് വിവിധ കേസുകളുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഇവിടെ എത്തുന്നത്. ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി, പോക്‌സോ കോടതി, കുടുംബ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് മുതല്‍ ആറ് വരെയുളള കോടതികള്‍ വിവിധ മന്‍സിഫ് മജിസ്‌ട്രേറ്റ് കോടതികള്‍ തുടങ്ങിയവ ഈ സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോടതി ജീവനക്കാര്‍ക്കായി ഓരോ ഫ്‌ളോറിലും ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. അഭിഭാഷകര്‍ക്കായി ബാര്‍ അസോസിയേഷന്‍ ഹാളില്‍ സൗകര്യമുണ്ട്.
പണം ഈടാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ശുചിമുറി വേണ്ടവിധം പരിപാലിക്കുന്നില്ലെന്ന പരാതിയുമുണ്ട്. റിമാന്റ് കാലാവധി കഴിഞ്ഞ പ്രതികളുമായി ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന പോലീസുകാരും ഇവിടെയെത്തിയാല്‍ ബുദ്ധിമുട്ടുകയാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടെത്തുന്ന പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുന്നുവെന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം