എംഎസ്പി സ്ഥലം അനുവദിച്ചാൽ മലിനജല ശുദ്ധീകരണ പ്ലാന്‍റ് നിർമ്മിക്കാൻ തയ്യാറാണെന്ന് നഗരസഭ അറിയിച്ചു. സ്ഥലത്തിന്റെ വിനിയോഗ അനുമതി നേടി സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് നഗരസഭ അധികൃതർ
മലപ്പുറം: എംഎസ്പി ക്യാമ്പിലെ മലിനജലം സമീപത്തെ ജനവാസ മേഖലയിലെ തോട്ടിലേക്ക് ഒഴുക്കിവിടുന്നുവെന്ന് പരാതി. രൂക്ഷമായ ദുർഗന്ധവും കൊതുക് ശല്യവും കൊണ്ട് പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ സ്പെഷ്യല്‍ പൊലീസിന് നോട്ടീസ് നല്‍കാനാണ് നഗരസഭയുടെ തീരുമാനം.
എംഎസ്പി ക്യാമ്പിൽ നിന്നുള്ള മലിന ജലം കനാലിലൂടെ ഒഴുകി ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ക്യാമ്പിന് സമീപത്തെ നൂറോളം വീട്ടുകാരാണ് മലിന ജലം കൊണ്ട് ബുദ്ധിമുട്ടുന്നത്. പ്രദേശത്തെ കിണറുകൾ പലതും മലിനമായെന്ന് പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് കനാലില്‍ പലയിടങ്ങളിലും താൽക്കാലിക ബണ്ടുകൾ എംഎസ്പി കെട്ടിയെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്ന് നാട്ടുകാർ പറയുന്നു.
എംഎസ്പി സ്ഥലം അനുവദിച്ചാൽ മലിനജല ശുദ്ധീകരണ പ്ലാന്‍റ് നിർമ്മിക്കാൻ തയ്യാറാണെന്ന് നഗരസഭ അറിയിച്ചു. സ്ഥലത്തിന്റെ വിനിയോഗ അനുമതി നേടി സമീപിച്ചെങ്കിലും എം എസ് പിയില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. എന്നാൽ ബണ്ടുകൾ കെട്ടിയതോടെ മലിന ജലത്തിന്‍റെ ഒഴുക്ക് തടഞ്ഞിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നുമാണ് എം എസ് പിയുടെ വിശദീകരണം.