'അവര്‍ക്ക് ലഭിക്കേണ്ട അരിയാണ് നിങ്ങള്‍ കൈയിട്ടു വാരിയത്, പണം അടച്ചിട്ട് പോയാല്‍ മതി'; 27 പേര്‍ക്ക് നോട്ടീസ്

By Web TeamFirst Published Feb 8, 2024, 2:33 PM IST
Highlights

അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്: ജില്ലയില്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചവര്‍ക്കെതിരായുള്ള കര്‍ശന നടപടി തുടരുന്നു. ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ  കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ 19 മുന്‍ഗണനാ കാര്‍ഡുകള്‍, മൂന്ന് എഎവൈ കാര്‍ഡുകള്‍, അഞ്ച് എന്‍പിഎസ് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്ത് അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.

നേരത്തെ  മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രം, മടവൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച 10 കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ കക്കോടി പഞ്ചായത്തില്‍ ജനുവരി 30ന് നടത്തിയിരുന്ന പരിശോധനയിലും അനര്‍ഹമായി കൈവശം വെച്ച മൂന്ന് എ.എ.വൈ., 12 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് നോട്ടീസ് നല്‍കുകയുണ്ടായി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Latest Videos

അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവര്‍ എല്ലാവരും കാര്‍ഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ഇനിയും അനര്‍ഹരുടെ കൈകളിലിരിക്കുന്ന റേഷന്‍ കാര്‍ഡ് കര്‍ശന നടപടികളിലൂടെ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഓപ്പറേഷന്‍ യെല്ലോ' എന്ന പേരിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അനര്‍ഹമായി ആരെങ്കിലും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കാനും നിലവില്‍ സൗകര്യമുണ്ട്. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഷെദീഷ്, വിഗീഷ്, നിഷ വി.ജി,  പവിത കെ, മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു.

click me!