'ഇളകി വീണ ഭാഗത്തിന് ഭാരം അരക്കിലോ, അതുകൊണ്ട് പൊട്ടലുണ്ടാവില്ല'; പിഴവിനെ നിസാരവല്‍ക്കരിച്ച് താലൂക്ക് ആശുപത്രി

By Web TeamFirst Published Jan 24, 2023, 11:03 AM IST
Highlights

ഇളകി വീണ മെഷീൻ ഭാഗത്തിന് അര കിലോ മാത്രമാണ് ഭാരമെന്നും അതുകൊണ്ട് നഴ്സിംങ് വിദ്യാര്‍ത്ഥിനിയുടെ നട്ടെല്ലിന് പൊട്ടലുണ്ടാകാൻ സാധ്യതയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ നൽകുന്ന വിശദീകരണം. 

ചിറയിന്‍കീഴ്: എക്സ്റേ എടുക്കുന്നതിനിടയിലുണ്ടായ ആശുപത്രിയുടെ ഗുരുതര പിഴവിനെതിരെ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടും സംഭവം നിസാരവല്‍ക്കരിച്ച് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി. തൊണ്ടയിൽ മുള്ള് കുടുങ്ങി ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ലാണ് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞത്. ഇളകി വീണ മെഷീൻ ഭാഗത്തിന് അര കിലോ മാത്രമാണ് ഭാരമെന്നും അതു കൊണ്ട് നട്ടെല്ലിന് പൊട്ടലുണ്ടാകാൻ സാധ്യതയില്ലെന്നുമാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ നൽകുന്ന വിശദീകരണം. ആദിത്യയ്ക്ക് ഇതിനുമുമ്പ് അപകടം പറ്റിയിട്ടുണ്ടെന്നും അതിലെ ക്ഷതമാകാം നട്ടെല്ലിന്റെ വേദന കലശലാകാൻ കാരണം എന്നും തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായ ആരോപണം ആണെന്നുമാണ് ആശുപത്രി അധികൃതർ സംഭവത്തെ നിസാരവത്കരിക്കുന്നത്. 

ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്. തൊണ്ടയിൽ മുള്ള് കുടുങ്ങി വേദനയുമായി എത്തിയ ആദിത്യ ആശുപത്രിയിലെ  ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരമാണ് എക്സ്​റേ എടുത്തത്. എക്സ്​റേ എടുക്കുന്നതിനിടെ മെഷീനിൻറെ അഡ്ജസ്റ്റ്ർ ഭാഗം ഇളകി കുട്ടിയുടെ നടുവിൻറെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് എത്തിയ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവിന്‍റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

Latest Videos

വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന്​ നിർദേശിച്ച്​ മരുന്ന് നൽകി ഡോക്ടർമാർ കുട്ടിയെ വിട്ടയച്ചു. പക്ഷേ അവസാന വർഷ ബി.എസ്​.സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് പക്ഷേ ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്​ അരക്കെട്ടിന്റെ ഏറ്റവും താഴ്ന്ന കശേരുക്കളിൽ ഒന്നായ L-5 ആണ് പോട്ടൽ എന്ന് മനസിലായി. തുടർന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ L-5 ന് പൊട്ടൽ ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ആദിത്യയുടെ അമ്മ ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും എക്സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്നാണ് ആരോപണം. ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങാൻ പോലും സൂപ്രണ്ട് തയ്യാറായില്ല. ഇവർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ്​ ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്​. ആദിത്യ കിടപ്പിലായതോടെ ഇപ്പോൾ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ് ലതയുള്ളത്.​

നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

click me!