ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തിൽ കൃഷിവകുപ്പിന്റെ എസ്എച്ച്എം പദ്ധതിയിലുൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
കണ്ണൂർ: ഓണപ്പൂക്കളത്തിൽ ഇടം പിടിക്കാൻ ഇക്കുറി കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ചെണ്ടുമല്ലികളും എത്തും. സെൻട്രൽ ജയിലിലെ ഒന്നര ഏക്കർ സ്ഥലത്ത് കഴിഞ്ഞ ജൂലൈ മാസത്തിലാണ് 1500 തൈകൾ ജയിൽ അന്തേവാസികൾ നട്ടുപിടിപ്പിച്ചത്. ഓണക്കാലമെത്തിയതോടെ ചെണ്ടുമല്ലികൾ വിപണിയിൽ എത്തിക്കാനാണ് തീരുമാനം.
ചെണ്ടുമല്ലി പൂക്കൾക്കെന്താ സെൻട്രൽ ജയിൽ കാര്യമെന്നാണോ ചോദിക്കാൻ വരുന്നത്? ഓണക്കാലമൊക്കെയല്ലേ സാറേ, ജയിലും കളറാവട്ടെയെന്നാണ് ഉത്തരം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തിൽ കൃഷിവകുപ്പിന്റെ എസ്എച്ച്എം പദ്ധതിയിലുൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. അങ്ങനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലൊരു പൂങ്കാവനമായി. 1500 ചെണ്ടുമല്ലി തൈകൾ കഴിഞ്ഞ ജൂണിൽ വിത്തിട്ടു, ജയിൽ അന്തേവാസികളുടെ പരിചരണത്തിൽ പൂത്തുലഞ്ഞു.
മേൽനോട്ടത്തിന് ജയിൽ ജീവനക്കാരും കൂടെ നിന്നു. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നിർവഹിച്ചു. പൂക്കൾ ഇന്ന് മുതൽ വിപണിയിലെത്തും. ജയിൽ മതിലിനുള്ളിലെ ചെണ്ടുമല്ലി പൂക്കൾ ആകാശം നോക്കി ചിരിച്ചു
ഇക്കുറി ഓണത്തിന് വീട്ടുമുറ്റത്ത് ഞങ്ങളുമെത്തുമെന്ന സന്തോഷത്തിലാണ് ചെണ്ടുമല്ലിപ്പൂക്കൾ.