'ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ല'; അഴിച്ചു മാറ്റിയതെന്ന് എംഎല്‍എ

By Web TeamFirst Published Nov 29, 2023, 9:45 PM IST
Highlights

ഫ്‌ലോട്ടിങ് ബ്രിഡ്ജ് സെന്റര്‍ പിന്നുകളാല്‍ ബന്ധിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റര്‍ പിന്നുകള്‍ അഴിച്ചു ഫ്‌ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കുമെന്ന് എംഎൽഎ. 

തൃശൂര്‍: ചാവക്കാട് ബീച്ചില്‍ മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ. 

'സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ജാഗ്രതാ നിര്‍ദേശപ്രകാരം ഉയര്‍ന്ന തിരമാല ഉള്ളതിനാല്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നു. രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകള്‍ ശക്തമായിരുന്നതിനാല്‍ അഴിച്ചു മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബീച്ചില്‍ വന്ന സഞ്ചാരികള്‍ക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത്.' തെറ്റിദ്ധാരണ കൊണ്ടു മാത്രമാണ് പാലം പിളര്‍ന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അക്ബര്‍ എംഎല്‍എ പറഞ്ഞു. 

Latest Videos

'ഫ്‌ലോട്ടിങ് ബ്രിഡ്ജ് സെന്റര്‍ പിന്നുകളാല്‍ ബന്ധിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റര്‍ പിന്നുകള്‍ അഴിച്ചു ഫ്‌ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സി ല്‍ നിന്നും പരിശീലനം ലഭിച്ച 11 സ്റ്റാഫുകളുടെ പൂര്‍ണമായ നിയന്ത്രണത്തിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ റെസ്‌ക്യൂ ബോട്ട്, ലൈഫ് ജാക്കറ്റ്, എമര്‍ജന്‍സി ആംബുലന്‍സ് എന്നിവയുമുണ്ട് സുരക്ഷയ്ക്ക്. നിലവില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് കരയില്‍ സുരക്ഷിതമായി കയറ്റിവെച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല.' ഇത്തരം വസ്തുതകള്‍ നിലനില്‍ക്കേ ടൂറിസം മേഖലയില്‍ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിക്കളയണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പിന്‍വലിക്കുന്ന മുറയ്ക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പ്രണയം; വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ അഞ്ജു തിരികെ ഇന്ത്യയില്‍, 'ഒരൊറ്റ കാരണം' 
 

click me!